അമ്പലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരേ വ്യാജചിത്രം പ്രചരിപ്പിച്ചെന്നാരോപിച്ച് സ്വകാര്യ ചാനലിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനിലും ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിലും കോൺഗ്രസ് പരാതി നൽകി.
എഐസിസി നിയമ വിഭാഗം ചെയർമാൻ ഡോ. അഭിഷേക് സിംഗ്വിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയത്.
പണം കൈപ്പറ്റുന്നു എന്നു തോന്നിപ്പിക്കും വിധം ഡിജിറ്റൽ മാർഗങ്ങളിലൂടെ എഡിറ്റ് ചെയ്താണ് ചിത്രം പ്രചരിപ്പിച്ചതെന്നും ചിത്രത്തിനു മുകളിൽ പച്ച നിറത്തിലുള്ള വട്ടം ബോധപൂർവം ചേർത്തുവെന്നും പരാതികളിൽ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, പൊതുജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാനും വോട്ടർമാരെ തെറ്റിധരിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമമാണിത്. വാട്സ്ആപ്പ്, ഫേസ്ബുക്ക്, എക്സ് (ട്വിറ്റർ) തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഈ വ്യാജ ചിത്രം മനഃപൂർവം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയ സിംഗ്വി, കമ്മീഷന്റെ അടിയന്തര ഇടപെടൽ തേടി.വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിക്കണമെന്നും എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽനിന്നും ചാനലിൽനിന്നും വ്യാജ ചിത്രം അടിയന്തരമായി നീക്കം ചെയ്യാൻ നിർദേശിക്കണമെന്നും സിംഗ്വി പരാതിയിൽ ആവശ്യപ്പെട്ടു.
കൂടാതെ, കെപിസിസി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് പരാതി നൽകി. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 2023 ലെ വകുപ്പുകളായ 336(4) (വ്യാജരേഖ ചമയ്ക്കൽ), 353(2) - പൊതുജനമധ്യത്തിൽ വിദ്വേഷം പടർത്തൽ, 61 ക്രിമിനൽ ഗൂഢാലോചന, ഐടി ആക്ട് സെക്ഷൻ 66 എന്നിവ പ്രകാരം കേസെടുക്കണമെന്നാണാവശ്യം