കോഴിക്കോട്: ഏറെ വിവാദമായ ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും പോലീസിന്റെ വീഴ്ചയും അന്വേഷിക്കുന്നതിന് ആഭ്യന്തരവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു. കോഴിക്കോട്-വയനാട് റേഞ്ച് ക്രൈം ബ്രാഞ്ച് എസ്പി പി. വിക്രമിന്റെ മേല്നോട്ടത്തിലാണ് അന്വേഷണം നടക്കുക.
2024 നവംബർ 16ന് നടന്ന ചേവായൂർ സഹകരണ ബാങ്കിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ആഭ്യന്തരവകുപ്പിനു ലഭിച്ചിരുന്നു. വ്യാപകമായി കള്ളവോട്ട് ചെയ്തു. വോട്ട് ചെയ്യാനെത്തുന്നവരെ തടഞ്ഞു. ഇത് സംഘർഷത്തിനും വഴിവച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം സുരക്ഷയ്ക്കായി മെഡിക്കൽ കോളജ് പോലീസിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, അക്രമസംഭവങ്ങൾ തടയുന്നതിൽ മെഡിക്കൽ കോളജ് എസിപി അടക്കമുള്ളവർ വീഴ്ച വരുത്തിയെന്ന് ആഭ്യന്തരമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു.
അയ്യായിരത്തിലധികം വ്യാജ തിരിച്ചറിയൽ കാർഡുകൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം പ്രവർത്തകർ ഉപയോഗിച്ചുവെന്ന് എം.കെ. രാഘവന് എംപിയും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേക്കുറിച്ചെല്ലാം അന്വേഷണമുണ്ടാകും.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജൂലൈയിൽ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. മെഡിക്കൽ കോളജ് എസിപി പി. പ്രമോദ്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇൻസ്പെക്ടർ ജി. ഗോപകുമാർ, കാസർഗോഡ് പ്രൊവിഷൻ ഇൻസ്പെക്ടർ എം.കെ. അനിൽകുമാർ, മെഡിക്കൽ കോളജ് സർക്കിൾ ഇൻസ്പെക്ടർ ബൈജു കെ. ജോസ്, മാറാട് എസ്ഐ കെ. രതീഷ്, കുന്നമംഗലം സ്റ്റേഷൻ സിപിഒ ആർ.സി. മഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.