ലണ്ടൻ: യുകെയിൽ ആഞ്ഞടിക്കുന്ന ബൊയേലോ കൊടുങ്കാറ്റിൽ മരംവീണ് രണ്ട് പേർ മരിച്ചു. വടക്കൻ ലണ്ടനിലും സ്കോട്ട്ലൻഡിലുമാണ് അപകടങ്ങളുണ്ടായത്. കനത്ത മഴയിലും കാറ്റിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി.
വടക്കൻ ലണ്ടനിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് ഒരു യുവാവ് മരിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ യുവാവ് മരിച്ചതായി പൊലിസ് സ്ഥിരീകരിച്ചു. ഇതിന് മണിക്കൂറുകൾക്ക് മുമ്പ് സ്കോട്ട്ലൻഡിലെ ഡൺഫ്രീസ് ആൻഡ് ഗാലോവേയിൽ മരം വീണ് മറ്റൊരാളും കൊല്ലപ്പെട്ടിരുന്നു. കൂടാതെ അബർഫെൽഡിയിൽ മരം വീണ് പരിക്കേറ്റ രണ്ട് സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊടുങ്കാറ്റിനെ തുടർന്ന് യുകെയിൽ 90,000-ത്തിലധികം വീടുകളിലെ വൈദ്യുതി ബന്ധം നിലച്ചു. അപകടാവസ്ഥ തുടരുന്നതിനാൽ സുരക്ഷ മുൻനിർത്തി ജീവനക്കാർക്ക് ഉടൻ തന്നെ അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ സാധിച്ചിട്ടില്ലെന്ന് എനർജി നെറ്റ്വർക്ക്സ് അസോസിയേഷൻ അറിയിച്ചു. ബൊയേലോ കൊടുങ്കാറ്റിന് പുറമെ വെള്ളിയാഴ്ച ആഞ്ഞടിച്ച ഓസ്റ്റിൻ കൊടുങ്കാറ്റും ഉൾപ്പെടെ രാജ്യത്തുടനീളം 8.3 ലക്ഷത്തിലധികം വീടുകളെയാണ് വൈദ്യുതി മുടക്കം ബാധിച്ചത്. ആളുകൾ വീടുകളിൽ തന്നെ തുടരണമെന്നും കെട്ടിടങ്ങൾക്കും മരങ്ങൾക്കും സമീപം നിൽക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.