കണ്ണൂർ: ഇഡി ആരോപണത്തിന്റെ ദിശ മാറ്റുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സേവനം നൽകാതെ എക്സാലോജിക്കിന് പണം നൽകിയെന്നും ഇതുവഴി സിഎംആര്‍എല്ലിന് സാമ്പത്തികനഷ്ടമുണ്ടായി എന്നുമായിരുന്നു ആരോപണം.
ഇതിനു വിരുദ്ധമായി സിഎംആര്‍എല്ലിന് മുഖ്യമന്ത്രി എന്ന നിലയിൽ നൽകിയ ആനുകൂല്യത്തിന്റെ കൈക്കൂലിയാണ് 3.28 കോടി എന്നാണ് ഇഡിയുടെ പുതിയ ഭാഷ്യമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേയുള്ള ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സിപിഎം ജില്ലാ ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ പിണറായി വ്യക്തമാക്കി.
മുഖ്യമന്ത്രിയായ ഞാൻ എന്ത്, ആർക്ക് വഴിവിട്ട സഹായം നൽകി എന്നു പറയണം. ഇഡിയുടെ അന്വേഷണം എന്നിലേക്കെത്തിക്കാനാകുമോ എന്ന പരീക്ഷണമാണിപ്പോൾ നടക്കുന്നത്. പുതിയൊരു ക്രിമിനൽ കേസിന്റെ വാതിൽ തുറക്കാനാണ് ശ്രമം. ഇത് വ്യക്തിപരമായിട്ടുള്ള ആരോപണമായല്ല കാണുന്നത്. തന്റെ പ്രസ്ഥാനത്തെ തകർക്കാനാണ് ശ്രമം. എത്രതന്നെ കടുത്ത, നീചമായ ആരോപണം നടത്തിയാലും ഞങ്ങൾ തളരില്ല. കേരള ഹൈക്കോടതി തെളിവില്ലെന്ന് പറഞ്ഞതാണ്. നിയമത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി എൽഡിഎഫിന് തുടർഭരണം ലഭിച്ചതിന് പിന്നാലെ, എൽഡിഎഫിനെയും സിപിഎമ്മിനെയും തകർക്കുകയെന്ന ലക്ഷ്യത്തോടെ വലതുപക്ഷ ശക്തികൾ ഒന്നിച്ചണിനിരന്ന് സംഘടിത ആക്രമണം നടത്തുകയായിരുന്നു. ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുകയാണ്. അതിനുവേണ്ടി വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും പിണറായി വിജയൻ ആരോപിച്ചു. സാധാരണ കത്തയച്ചാൽ അപ്പോൾതന്നെ പുറത്തു വരില്ല. അതെങ്ങനെ പുറത്തായി. ഇഡി തന്നെ കത്ത് പുറത്തു കൊടുക്കുന്ന സ്ഥിതിയാണ്. തനിക്ക് ഇഡിയുടെ ഒരു കത്തും ലഭിച്ചിട്ടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.
സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും കൈ കോർക്കുകയാണ്. ഇത്തരക്കാരോട് സഹതാപമേ ഉള്ളൂ. 2021ലെ തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനത്തെ യുഡിഎഫും സർക്കാരിനെതിരേ ഏകോപനത്തിൽ എത്തിയിരുന്നു. യുഡിഎഫിന് ഭരണം ലഭിച്ചതോടെ എൽഡിഎഫിനെ തകർക്കാൻ ഇരുവിഭാഗവും കടുത്ത മത്സരത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പരിപാടിയായി മാറി. തന്നെ രാഷ്ട്രീയമായി തേജോവധം ചെയ്യാനാണിപ്പോൾ ശ്രമമെന്നും ഉണ്ടായില്ലാ വെടി പൊട്ടിച്ചാൽ ഞങ്ങൾ ഞെട്ടിപ്പോകുമെന്ന് കരുതേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
ഇഡിക്കു മുന്നിൽ വീണ എല്ലാം സമ്മതിച്ചു എന്നത് ശുദ്ധ നുണയും പച്ചക്കള്ളവുമാണ്. റെഡ്ബുക്ക് എന്നൊക്കെ പറയുന്നത് തികഞ്ഞ അസംബന്ധമാണെന്നും പിണറായി പറഞ്ഞു. ഇഡി പറയുന്നതും മനസിൽ ആലോചിക്കുന്നതും സ്വന്തം വാർത്തകളാക്കി ഞങ്ങൾക്കെതിരേ നിരന്തര പ്രചാരണം നടത്തുന്ന വലതുപക്ഷ മാധ്യമങ്ങളും എല്ലാ കാര്യങ്ങളും ഓർക്കുന്നത് നല്ലതാണെണ മുന്നറിയിപ്പും പിണറായി നല്കി.
വൈദ്യുതി വകുപ്പിൽ കെടുകാര്യസ്ഥത
കേന്ദ്രത്തിൽനിന്ന് വൈദ്യുതി ലഭിക്കാത്ത പ്രശ്നം മുമ്പും ഉണ്ടായിട്ടുണ്ട്. അപ്പോൾ എൽഡിഎഫ് കൈ കെട്ടി നിൽക്കാതെ പരിഹരിക്കുകയാണ് ചെയ്തതെന്ന് വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പിണറായി വിജയൻ പറഞ്ഞു.
സർക്കാർ നിസഹായാവസ്ഥയിലാണ്. വൈദ്യുതിമന്ത്രിക്കുപോലും ഒന്നും പറയാനാകാത്ത സ്ഥിതിയാണ്. കെടുകാര്യസ്ഥതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പിണറായി പറഞ്ഞു.