വത്തിക്കാന്‍ സിറ്റി: സമൂഹത്തിന്റെ അടിത്തറയായ കുടുംബങ്ങളെയും പവിത്രമായ വിവാഹബന്ധങ്ങളെയും സംരക്ഷിക്കേണ്ടത് മുമ്പെന്നത്തേക്കാളും അടിയന്തരമായ അനിവാര്യതയായി മാറിയിരിക്കുന്നുവെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. ശ്വാസകോശ ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രി വിട്ട മാര്‍പാപ്പ, ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന ആദ്യ പൊതു കൂടിക്കാഴ്ചയില്‍ തീര്‍ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു.
കുടുംബം ആഴമേറിയ മാനവികതയുടെ വിദ്യാലയവും സമൂഹത്തിന്റെ അടിത്തറയുമാണ്. അതിനാല്‍ വിവാഹത്തിന്റെയും കുടുംബത്തിന്റെയും ക്ഷേമത്തിനായി കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ ഉത്തരവാദിത്വമുള്ളവര് തങ്ങളുടെ കടമ നിറവേറ്റണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു.
വിവാഹം എന്നത് വെറുമൊരു നിയമപരമായ കരാര്‍ മാത്രമല്ല, ദമ്പതികള്‍ പരസ്പരം സ്വയം നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന ജീവിതത്തിന്റെയും സ്നേഹത്തിന്റെയും ആഴമേറിയ പങ്കാളിത്തമാണ്. ഈശോമിശിഹാ സഭയെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കാന്‍ ഭാര്യാഭര്ത്താക്കന്മാര് വിളിക്കപ്പെട്ടിരിക്കുന്നു.
ദാമ്പത്യസ്നേഹം കേവലം ശാരീരിക ആകര്‍ഷണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല; മറിച്ച്, തുല്യ അന്തസുള്ള പുരുഷന്റെയും സ്ത്രീയുടെയും ഹൃദയവികാരങ്ങളെ ഉണര്‍ത്തുന്നതും ആര്‍ദ്രതയിലൂടെയും പരസ്പര ബഹുമാനത്തിലൂടെയും പ്രകടിപ്പിക്കപ്പെടുന്നതുമായ സമ്പൂര്‍ണ സ്നേഹമാണത്.
വിവാഹജീവിതത്തിന്റെ ഏറ്റവും വലിയ ദാനം മക്കളാണ്. ജീവന് പകര്‍ന്നുനല്‍കുന്നതിലൂടെയും മക്കളെ വളര്ത്തുന്നതിലൂടെയും ദമ്പതികള്‍ സ്രഷ്ടാവായ ദൈവത്തിന്റെ സ്നേഹത്തിന്റെ സഹപ്രവര്‍ത്തകരും വ്യാഖ്യാതാക്കളുമായി മാറുന്നു. സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സഭ വ്യാഖ്യാനിക്കുന്ന ദൈവികനിയമത്തിന് അനുസൃതമായ മനഃസാക്ഷിയോടെ വേണം മാതാപിതാക്കള്‍ തങ്ങളുടെയും മക്കളുടെയും നന്മയെക്കുറിച്ച് തീരുമാനങ്ങളെടുക്കാന്‍- മാര്‍പാപ്പ വ്യക്തമാക്കി.
മനുഷ്യജീവന്റെ പവിത്രത ഉയര്‍ത്തിപ്പിടിച്ച മാര്‍പാപ്പ, ഭ്രൂണഹത്യയെയും ശിശുഹത്യയെയും ശക്തമായി അപലപിച്ചു. ഗര്‍ഭധാരണ നിമിഷം മുതല്‍ ജീവന് അങ്ങേയറ്റം ശ്രദ്ധയോടെ സംരക്ഷിക്കപ്പെടണമെന്ന് ഓര്‍മിപ്പിച്ച അദ്ദേഹം, ലോകമെമ്പാടുമുള്ള കുടുംബങ്ങളെ സംരക്ഷിക്കാന്‍ നസ്രത്തിലെ തിരുക്കുടുംബത്തോട് പ്രാര്ഥിച്ചുകൊണ്ടാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.
കനത്ത മഴയെപ്പോലും അവഗണിച്ച്, സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളെയും കര്‍ദിനാള്‍മാരെയും ബിഷപ്പുമാരെയും പോപ്പ് മൊബീലില്‍ സഞ്ചരിച്ചാണ് മാര്‍പാപ്പ അഭിവാദ്യം ചെയ്തത്. നീണ്ട കരഘോഷത്തോടെയാണു വിശ്വാസികള്‍ അദ്ദേഹത്തെ വരവേറ്റത്. കഴിഞ്ഞ 13ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍, ശ്വാസകോശത്തിലെ മുഴ നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹം അഞ്ചു ദിവസത്തെ ചികിത്സയ്ക്കുശേഷം 17നാണ് ആശുപത്രി വിട്ടത്.
തന്റെ രോഗമുക്തിക്കായി പ്രാര്‍ഥിച്ച ഏവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് മാര്‍പാപ്പ പ്രസംഗം ആരംഭിച്ചത്. “നിങ്ങളുടെ പ്രാര്‍ഥനകളുടെ പിന്തുണയ്ക്കു നന്ദി. ദൈവത്തിന്റെ ഉദാരതയ്ക്കു നന്ദി പറയുന്നു. ദൈവത്തിന്റെ നന്മയിലും കരുണയിലുമുള്ള നമ്മുടെ വിശ്വാസം നമുക്കു പുതുക്കാം,’’ അദ്ദേഹം പറഞ്ഞു.