കുറവിലങ്ങാട്: മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ ഇടവകയിലെ സാന്തോം സോണിലെ 20 കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ 75 കർമപദ്ധതികൾ ഈ മാസത്തിൽ പൂർത്തീകരിക്കും. 720 കുടുംബങ്ങൾ ഉൾക്കൊള്ളുന്ന സോണിലെ വിവിധ യൂണിറ്റുകളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. സാമൂഹിക, ജീവകാരുണ്യ, ആത്മീയ, പരിസ്ഥിതി പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകിയിരിക്കുന്നത്.
ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി, സോൺ ഡയറക്ടർ ഫാ. മൈക്കിൾ ചാത്തൻകുന്നേൽ, കുടുംബ കൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി എന്നിവരുടെ നേതൃത്വത്തിൽ 20 യൂണിറ്റുകളുടെ പ്രാതിനിധ്യത്തോടെ ഏഴ് വാർഡുകളിൽ നടത്തിയ "റിസർജ് -2026' എന്ന നേതൃസംഗമങ്ങളിലാണ് കർമപദ്ധതികൾ രൂപീകരിച്ചത്.
കർമപദ്ധതികളിലെ ആദ്യ പ്രവർത്തനങ്ങളായി കാളികാവ് അങ്കണവാടിയുടെ ശുചീകരണവും വിദ്യാർഥികൾക്ക് നോട്ട്ബുക്ക് വിതരണവും വിദ്യാഭ്യാസ സഹായവിതരണവും വയോജന സന്ദർശനവും നടത്തി. പഞ്ചായത്തംഗം ജോസി അലക്സ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഭാരവാഹികളായ സണ്ണി തുറവയ്ക്കൽ, സുജ ഐസക് എന്നിവർ നേതൃത്വം നൽകി.
വിശുദ്ധ മർത്താ യൂണിറ്റിന്റെ നേതൃത്വത്തിൽ ക്ലാരറ്റ് ഭവൻ-കർമലഗിരി റോഡ് ശുചീകരിച്ചു. പഞ്ചായത്തംഗം ലതിക സാജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബൈജു പൊതിയിട്ടേൽ, സെക്രട്ടറി മേരി ജോർജ് നെല്ലിക്കുന്നേൽ, യോഗപ്രതിനിധി റോസ് കുര്യൻ പാറക്കൽ എന്നിവർ നേതൃത്വം നൽകി. സോൺ ലീഡർ ഷൈജു പാവുത്തിയേൽ, സെക്രട്ടറി ജോളി ടോമി എണ്ണംപ്രായിൽ, യോഗപ്രതിനിധികൾ എന്നിവർ സോൺതലത്തിൽ പ്രവർത്തനങ്ങൾ ക്രോഡീകരിക്കും.