കാണ്ഡെ, ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്വാല, കാബിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ സഞ്ജയ് ഗുപ്ത (57) അന്തരിച്ചു.
വെള്ളിയാഴ്ച വീട്ടിൽ വച്ച് വീണ അദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
പതിറ്റാണ്ടുകൾ നീണ്ടുനിന്ന കരിയറാണ് സഞ്ജയ് ഗുപ്തയുടേത്. നടൻ സഞ്ജയ് ദത്തുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാണ്ഡെ(2002), മുസാഫിർ(2004), സിന്ദ (2006), ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്വാല(2007) തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നതാണ്.
1991-ലെ ലോഖണ്ഡ്വാല കോംപ്ലക്സ് വെടിവെപ്പിനെ അടിസ്ഥാനമാക്കിയൊരുക്കിയ ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്വാല സംവിധാനം ചെയ്തത് സഞ്ജയ് ഗുപ്തയായിരുന്നു. ചിത്രത്തിന്റെ നിർമാണത്തിലും സഹരചനയിലും അദ്ദേഹം പങ്കാളിയായി. പിന്നീട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഷൂട്ടൗട്ട് അറ്റ് വടാല (2013) എന്ന ചിത്രത്തിലൂടെ അദ്ദേഹം ക്രൈം വിഭാഗത്തിലേക്ക് വീണ്ടും മടങ്ങിയെത്തി.
ക്രിമിനൽ പശ്ചാത്തലമുള്ള ചിത്രങ്ങൾക്ക് പുറമെ മറ്റ് പല ജോണറുകളിലും അദ്ദേഹം തന്റെ കയ്യൊപ്പ് പതിപ്പിച്ചു. ഐശ്വര്യ റായ് ബച്ചൻ നായികയായ 'ജസ്ബ' (2015), ഹൃത്വിക് റോഷനും യാമി ഗൗതമും ഒന്നിച്ച 'കാബിൽ' (2017) എന്നിവ അദ്ദേഹത്തിന്റെ പ്രമുഖ ചിത്രങ്ങളിൽ ചിലതാണ്.