അര്‍ജന്റൈന്‍ ദേശീയ പതാകയും സ്വാതന്ത്ര്യസമരവും പിറവിയെടുത്ത, ജപമാലയുടെ രാജ്ഞി രക്ഷകയായുള്ള റൊസാരിയോയുടെ പുത്രന് കാല്‍പ്പന്ത് ലോകത്തോടു വിടപറയുന്ന പോരാട്ടം നാളെ...
അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസവും കാല്‍പ്പന്തിലെ മാസ്മരികതാരവുമായ ലയണല്‍ മെസിയുടെ രാജ്യാന്തര വിടവാങ്ങല്‍ പോരാട്ടത്തിനുള്ള വേദിയൊരുങ്ങി. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 4.30ന് ആഫ്രിക്കൻ ടീമായ ബെനിന്‍ എതിരായ മത്സരമാണ് അര്‍ജന്റൈന്‍ ജഴ്സിയില്‍ ലയണല്‍ മെസിയുടെ അവസാന പോരാട്ടം; ദ ലാസ്റ്റ് ഡാന്‍സ്... തലസ്ഥാന നഗരമായ ബുവേനോസ് ഐറിസിലാണ് അര്‍ജന്റൈന്‍ ആരാധകരുടെ ഹൃദയം പറിച്ചെടുക്കുന്ന ഈ യാത്രയയപ്പ്... സീ5 ആപ്പിലൂടെ മത്സരം തത്സമയം കാണാം.
17ല്‍ തുടങ്ങിയ കരിയര്‍
2004ല്‍ അര്‍ജന്റൈന്‍ അണ്ടര്‍ 20 ടീം ജഴ്സി അണിഞ്ഞാണ് ലയണല്‍ മെസി രാജ്യാന്തര കരിയര്‍ ആരംഭിച്ചത്. തുടര്‍ന്നു 2005ല്‍ ഫിഫ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലെത്തിച്ചു. ആറു ഗോളും രണ്ട് അസിസ്റ്റും നടത്തിയ മെസിയായിരുന്നു ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയത്.
2005ല്‍ 18-ാം വയസില്‍ അര്‍ജന്റൈന്‍ സീനിയര്‍ ടീമില്‍ അരങ്ങേറി.
2006ല്‍ ക്രൊയേഷ്യക്കെതിരായ സൗഹൃദമത്സരത്തിലായിരുന്നു ആദ്യ രാജ്യാന്തര ഗോള്‍. 2006 ഫിഫ ലോകകപ്പില്‍ അര്‍ജന്റൈന്‍ സംഘത്തില്‍ കളിച്ചു. അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ കളിക്കുന്ന, ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ഇരട്ട റിക്കാര്‍ഡുമായാണ് മെസി ഫിഫ 2006 എഡിഷന് അവസാനിപ്പിച്ചത്.
2007 കോപ്പ അമേരിക്കയിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം. രണ്ടു ഗോളും ഒരു അസിസ്റ്റും നടത്തിയാണ് ഈ പുരസ്കാരം മെസി സ്വന്തമാക്കിയത്. 2008 ഒളിമ്പിക്സില്‍ അര്‍ജന്റൈന്‍ അണ്ടര്‍ 23 ടീമിനെ സ്വര്‍ണത്തില്‍ എത്തിച്ചു.
ദ നമ്പര്‍ 10
കാല്‍പ്പന്ത് ലോകത്തിലെ ഏറ്റവും ഗ്ലാമര്‍ നമ്പറായ 10 ആണ് മെസിയുടെ ജഴ്സിയില്‍ പതിഞ്ഞിരിക്കുന്നത്. 2009ല്‍ ആണ് മെസിക്ക് അര്‍ജന്റീനയുടെ 10-ാം നമ്പര്‍ ജഴ്സി ലഭിച്ചതെന്നതും ചരിത്രം. ഹ്വാന്‍ റൊമാന് റിക്വെല്‍മെ വിരമിച്ചതോടെയാണ് 10-ാം നമ്പര്‍ മെസിയുടെ ജഴ്സിയില്‍ പതിഞ്ഞത്.
അതിനു മുമ്പ് 15, 18, 19 ജഴ്സികള്‍ മെസിയുടെ പേരില്‍ എഴുതപ്പെട്ടിരുന്നു. 2008 ബെയ്ജിംഗ് ഒളിമ്പിക്സില്‍ മെസി 15-ാം നമ്പര്‍ ജഴ്സിയാണ് ധരിച്ചത്. 2005 ഫിഫ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ 18-ാം നമ്പറും 2006 ഫിഫ ലോകകപ്പില്‍ 19-ാം നമ്പറും മെസിയുടെ ജഴ്സിയില്‍ തെളിഞ്ഞു.
മജീഷ്യന്റെ രൂപാന്തരം
2010 ഫിഫ ലോകകപ്പിലും 2011 കോപ്പ അമേരിക്കയിലും മെസിയെ ചുറ്റിപ്പറ്റിയായിരുന്നു അര്‍ജന്റൈന്‍ ടീം രൂപപ്പെട്ടത്. എന്നാല്‍, ഈ രണ്ടു ടൂര്‍ണമെന്റിലും മെസിക്കു ഗോള്‍ നേടാന്‍ സാധിച്ചില്ല. 24-ാം വയസില്‍ മെസിയുടെ തോളിലേക്ക് അര്‍ജന്റൈന്‍ ക്യാപ്റ്റന്‍സിയെത്തി. എന്നാല്‍, രാജ്യാന്തര കിരീടം എന്നത് മെസിയുടെ കൈയില്‍നിന്നു വഴുതി. 2014 ഫിഫ ലോകകപ്പ്, 2015, 2016 കോപ്പ അമേരിക്ക എന്നിങ്ങനെ തുടരെ മൂന്നു ഫൈനല്‍ തോല്‍വി. അതോടെ മനംനൊന്ത് രാജ്യാന്തര വിരമിക്കല്‍.
രാജ്യത്തിന്റെയും ആരാധകരുടെയും മുറവിളിയെത്തുടര്‍ന്നു വീണ്ടും ദേശീയ ജഴ്സിയിലേക്ക്. മെസിയുടെ രണ്ടാം ആഗമനം. ശരിക്കും ട്രോഫി മജീഷ്യനായി മെസി രൂപാന്തരപ്പെട്ടത് ഈ വരവിലായിരുന്നു. 2021 കോപ്പ അമേരിക്ക, 2022 ഫൈനലിസിമ, 2022 ഫിഫ ലോകകപ്പ്, 2024 കോപ്പ അമേരിക്ക എന്നിങ്ങനെ നാലു വര്‍ഷത്തിനിടെ നാലു രാജ്യാന്തര കിരീടങ്ങള്‍. ഒപ്പം രാജ്യാന്തര കരിയറിലെ ഗോള്‍വേട്ടയില്‍ ലോകത്തിലെ രണ്ടാം സ്ഥാനം...
2026 ഫിഫ ലോകകപ്പ് ഫൈനലിന്റെ തോല്‍വിയും പിതാവ് ഹൊര്‍ഹെ മെസിയുടെ വിയോഗവും ലിയൊയുടെ വിരമിക്കല്‍ വേഗത്തിലാക്കി... അതെ, 2004ല്‍ അണ്ടര്‍ 20 ടീമിന്റെ ജഴ്സിയില്‍ തുടങ്ങിയ, 22 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിന് ലാസ്റ്റ് ഡാന്‍സിലൂടെ തിരശീല വീഴുന്നു... 230 മത്സരങ്ങള്‍ 141 ഗോള്‍; സീനിയര്‍ കരിയറില്‍ 207 മത്സരം 125 ഗോള്‍... ആകാശനീലിമയും വെള്ളിമേഘവെണ്മയുമുള്ള, MESSI ജഴ്സി കല്‍പ്പാന്തകാലത്തോളം കാല്‍പ്പന്ത് ഹൃദയങ്ങളില്‍ തുടിക്കും...