പാറൽ: സ്കൂളിൽ ഭക്ഷണം പാകം ചെയ്യുന്നതിലേക്ക് കുറച്ച് പച്ചക്കറി കൊണ്ടുവരണമെന്ന് പറഞ്ഞയച്ച അധ്യാപകർക്ക് മുന്നിലേക്ക് ഫർഹ എത്തിയത് തന്നേക്കാൾ വലിയ സർപ്പ പടവലവുമായാണ്. കാഴ്ച കണ്ട സഹപാഠികൾക്കും അധ്യാപകർക്കും കൗതുകം. തന്റെ വീട്ടിലെ ജൈവ കൃഷിയിലൂടെ വിളയിച്ചെടുത്തതാണെന്ന വിവരം കൂടി അറിഞ്ഞതോടെ അധ്യാപകർക്ക് അതിലേറെ സന്തോഷം.
വീട്ടിലെ അടുക്കളത്തോട്ടത്തിൽ ജൈവവളം മാത്രം ചേർത്ത് വിളയിച്ചെടുത്ത "ഞെട്ടിക്കൽ പടവലങ്ങ’യുമായാണ് നാലാം ക്ലാസുകാരിയും പാറൽ കരിക്കുംപുറത്ത് സുബൈർ- ശാഹിന ദന്പതിമാരുടെ ഇളയമകളുമായ ഫർഹ സകൂളിലെത്തിയത്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പല വിദ്യാർഥികളും തങ്ങളുടെ വീട്ടിൽ വിളയിച്ചതും നാട്ടിൽ ഉണ്ടാക്കിയതുമായ പച്ചക്കറികൾ എത്തിക്കുന്നത് പതിവാണ്.
കുട്ടികൾക്ക് വിഷരഹിത നാടൻ പച്ചക്കറി നൽകാമെന്ന ചിന്തയിലാണ് ഇത്തരമൊരു പതിവിന് സ്കൂളിൽ തുടക്കമിട്ടത്. പ്രധാനാധ്യാപകൻ കെ.കെ. അബ്ദുൾ ലത്തീഫ്, അധ്യാപകരായ വി.കെ. സനിയ, വി. ഷബ്ന, പി. ശമീമ, പാചകക്കാരി ഒ.ടി. വസന്ത എന്നിവർ പച്ചക്കറി ഏറ്റുവാങ്ങി.