തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരുടെ വാണിജ്യക്ഷമത ഉയർത്തുന്നതിനാവശ്യമായ സുസ്ഥിര ഉത്പാദനസഖ്യങ്ങൾ വരുന്നു.
ചെറുകിട കർഷകരെ ഒരുമിപ്പിക്കുന്ന ഫാർമർ പ്രൊഡ്യൂസർ കന്പനികളും അവരുടെ കാർഷികോത്പന്നങ്ങൾ വാങ്ങാൻ തയാറുള്ള ബിസിനസ് പങ്കാളികളെയും കൂട്ടിയിണക്കുന്ന പ്രൊഡക്ടീവ് അലയൻസുകളാണ് രൂപവത്കരിക്കുക.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ‘കേര’ പദ്ധതിയിലൂടെയാണ് പുതിയ പദ്ധതി തുടങ്ങുന്നത്. മൂന്നു മേഖലകളായി തിരിച്ച് 150 വ്യത്യസ്ത പ്രൊഡക്ടീവ് അലയൻസുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 50 സഖ്യങ്ങൾ രൂപീകരിക്കും.
ഫാർമർ പ്രൊഡ്യൂസർ കന്പനികളും വാണിജ്യ കന്പനികളും ചേർന്നുള്ള പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തിൽ ഉത്പാദനസഹായം, ബിസിനസ് വിപുലീകരണം എന്നിവയ്ക്കായി മൊത്തം ചെലവിന്റെ 60 ശതമാനമായിരിക്കും ‘കേര’യിലൂടെ ഗ്രാന്റായി നൽകുക. പരമാവധി രണ്ടു കോടി രൂപ വരെ ഗ്രാന്റ് നൽകും.
പദ്ധതിയിൽ പങ്കുചേരുന്നതിനായി ചുരുങ്ങിയത് 10 കോടി വിറ്റുവരവുള്ള കർഷക കാർഷികേതര കന്പനികൾ, സൂപ്പർ മാർക്കറ്റ് ശൃംഖലകൾ, കയറ്റുമതിക്കാർ, ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയവർ ഈ മാസം 31 നകം https://pa.kera.kerala.gov. in/auth/login എന്ന ലിങ്ക് വഴി അപേക്ഷിക്കണം.
മൂന്നുവർഷം പ്രവൃത്തി പരിചയമുള്ള 200 പേർ അംഗങ്ങളായ പത്തു ലക്ഷം വിറ്റുവരവുള്ളതുമായ ഫാർമർ പ്രൊഡ്യൂസർ കന്പനികളും ഈയവസരം പ്രയോജനപ്പെടുത്താം. വിവരങ്ങൾക്ക് +91 9037824038 എന്ന നന്പറിൽ ബന്ധപ്പെടാം.