മുംബൈ: ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവൻഷിയെ ഇന്ത്യയുടെ ഏകദിന ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഫാറൂഖ് എഞ്ചിനീയർ രംഗത്ത്. 2027 ലെ ലോകകപ്പിന് മുന്നോടിയായി വൈഭവ്, രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നും ഫാറൂഖ് പറഞ്ഞു.
ശുഭ്മാൻ ഗിൽ ഓപ്പണർ എന്ന നിലയിൽ വിജയം കൈവരിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തെ നാലാം നമ്പറിലേക്ക് മാറ്റണമെന്നും എഞ്ചിനീയർ നിർദേശിച്ചു. സിംബാബ്വെ പര്യടനത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് വൈഭവ് സൂര്യവൻഷിയുടെ താരമൂല്യം ഉയർന്നത്. പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് അർധ സെഞ്ച്വറികൾ ഉൾപ്പെടെ 151 റൺസ് നേടിയ താരം പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
ഇത് ഇന്ത്യയുടെ 50 ഓവർ ടീമിലേക്ക് താരത്തെ പരിഗണിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഈ അവസരം നൽകാൻ തക്കവണ്ണം വൈഭവ് ഇതിനോടകം കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് എഞ്ചിനീയർ കരുതുന്നു.
ഗില്ലിന്റെ ക്ലാസ് മിഡിൽ ഓർഡറിൽ തിളങ്ങാൻ അദ്ദേഹത്തെ സഹായിക്കുമെന്നും, വൈഭവിന്റെ ആക്രമണോത്സുകത ശൈലി രോഹിത് ശർമയ്ക്ക് അനുയോജ്യമായ ഓപ്പണിംഗ് കൂട്ടാളിയാക്കുന്നുവെന്നും മുൻ ഇന്ത്യൻ താരം കൂട്ടിച്ചേർത്തു.