മൂവാറ്റുപുഴ: വാഹനം വാങ്ങിയയാൾ തന്റെ പേരിലേക്കു വാഹനത്തിന്റെ ഉടമസ്ഥാവസ്ഥാകാശം മാറ്റാത്തതിനാൽ വാഹനത്തിന്റെ മുൻ ഉടമയ്ക്ക് 14 ലക്ഷം രൂപയുടെ നിയമബാധ്യത.
പ്രായപൂര്‍ത്തിയാകാത്തയാള്‍ ലൈസന്‍സില്ലാതെ ഓടിച്ച വാഹനമിടിച്ചു മരിച്ച രണ്ടാര്‍ സ്വദേശി സുമതിയുടെ (72) കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് മൂവാറ്റുപുഴ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഉത്തരവിട്ടതോടെയാണു സംഭവത്തിലെ ട്വിസ്റ്റ്.
മരിച്ച സുമതിയുടെ നിയമപരമായ അവകാശികളായ മക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരത്തുക നല്‍കണമെന്നാണ് ഉത്തരവെങ്കിലും അപകടസമയത്തു വാഹനം ഓടിച്ചിരുന്നത് പ്രായപൂര്‍ത്തിയാകാത്തയാളായതിനാല്‍ ഇന്‍ഷ്വറന്‍സ് കമ്പനി തുക ആദ്യം പരാതിക്കാര്‍ക്കു നല്‍കുകയും പിന്നീട് വാഹന ഉടമയില്‍നിന്ന് ഈടാക്കുകയും ചെയ്യണമെന്നാണു നിർദേശം.
11,02,000 രൂപയും അതിന് എട്ടു ശതമാനം പലിശയും കോടതിച്ചെലവുകളും ഉള്‍പ്പടെ ഏകദേശം 14 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകേണ്ടത്.
മൂവാറ്റുപുഴ സിവിൽ സ്റ്റേഷനു സമീപം വെള്ളൂര്‍ക്കുന്നത്ത് താമസിക്കുന്ന കൗമാരക്കാരനായിരുന്നു അപകടസമയത്ത് ബൈക്ക് ഓടിച്ചിരുന്നത്. ഇയാള്‍ക്ക് അപകടം നടന്ന 2024ൽ ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരുന്നില്ല.
ഇതോടെയാണു വാഹനത്തിന്റെ ഉടമയായ പോത്താനിക്കാട് കൂവള്ളൂർ സ്വദേശി ഇതിനു ബാധ്യസ്ഥനാകുക. കൗമാരക്കാരനെ എറണാകുളം ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് നേരത്തേ കുറ്റവിമുക്തനാക്കിയിരുന്നു.