ലഖ്നൗ: മൊബൈൽ നെറ്റ്വർക്ക് കൃത്യമായി ലഭിക്കാത്തതിൽ രോഷാകുലരായ നാട്ടുകാർ ടെലികോം കമ്പനി ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു. ഉത്തർപ്രദേശിലെ ഫത്തേപ്പൂരിലെ ഹർദൗലി ഗ്രാമത്തിലാണ് സംഭവം. രണ്ട് വർഷമായി ഗ്രാമത്തിൽ റേഞ്ച് ലഭിക്കുന്നില്ലെന്നും തുടർച്ചയായി പരാതി നൽകിയിട്ടും കമ്പനി നടപടിയെടുത്തില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ വാർത്താശ്രദ്ധ നേടി. 5ജി റീചാർജ് ചെയ്തിട്ടും ഇന്റർനെറ്റോ കോൾ സൗകര്യമോ ലഭിക്കുന്നില്ലെന്നാണ് ഗ്രാമവാസികളുടെ പ്രധാന പരാതി. അറ്റകുറ്റപ്പണിക്കായി ഗ്രാമത്തിലെത്തിയ ടെക്നീഷ്യനെയാണ് ഗ്രാമവാസികൾ തടഞ്ഞുവച്ച് ടവറിൽ കെട്ടിയിട്ടത്. കമ്പനി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാതെ ഇയാളെ വിട്ടയക്കില്ലെന്ന് ഗ്രാമവാസികൾ വാശിപിടിച്ചു.
വിവരമറിഞ്ഞ് ബിന്ദ്കി പൊലിസ് സ്ഥലത്തെത്തിയാണ് സാങ്കേതിക വിദഗ്ധനെ മോചിപ്പിച്ചത്. സംഭവത്തിൽ സാങ്കേതിക വിദഗ്ധന്റെ പരാതിയിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലിസ് അറിയിച്ചു.