നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണി ചെരുപ്പ് ധരിക്കാതിരിക്കാൻ തുടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി നിർമാതാവും വിജയ്യുടെ ഭാര്യയുമായ ഫാത്തിമ വിജയ് ആന്റണി.
മു മരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അപ്പ കുട്ടിയുടെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കവെയാണ് തങ്ങളുടെ മൂത്ത മകൾ മീരയുടെ വിയോഗത്തെക്കുറിച്ചും തുടർന്ന് വിജയ് ആന്റണി എടുത്ത തീരുമാനത്തെക്കുറിച്ചും പറഞ്ഞ് ഫാത്തിമ വികാരാധീനയായത്.
മീരയുടെ വിയോഗത്തിന് ശേഷം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താൻ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുന്നതെന്ന് പറഞ്ഞ ഫാത്തിമ, മകൾ ഉപേക്ഷിച്ചുപോയ ചെരുപ്പുകൾ കണ്ടതിന് ശേഷമാണ് തന്റെ ഭർത്താവ് ചെരുപ്പിടുന്നത് നിർത്തിയത് എന്ന് വ്യക്തമാക്കി.
കൂടാതെ ഉപയോഗിച്ചിരുന്ന വിലകൂടിയ വാച്ചുകളൊക്കെ ഉപേക്ഷിച്ച് പകരം മകൾ മീരയുടെ വാച്ച് മാത്രമാണ് അദ്ദേഹം ഇപ്പോൾ ധരിക്കുന്നത് എന്നും അവർ വെളിപ്പെടുത്തി.
വിജയ് ആന്റണി ചെരിപ്പ് ധരിക്കുന്നത് എങ്ങനെയാണ് നിർത്തിയതെന്നാണ് ഫാത്തിമ പറഞ്ഞുതുടങ്ങിയത്. കോളേജിൽ പോകാൻ തയ്യാറെടുക്കുന്ന മകൾക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാങ്ങിനൽകിയ നിരവധി ജോഡി ചെരുപ്പുകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അതൊന്നും തൊടാതെ അതുപോലെ കിടക്കുന്നത് അവരുടെ വലിയൊരു നഷ്ടത്തിന്റെ വേദന ഓർമ്മിപ്പിക്കുന്ന ഒന്നായി മാറുകയായിരുന്നുവെന്ന് അവർ പറയുന്നു.
വിജയ് ആന്റണി എന്തുകൊണ്ടാണ് ചെരുപ്പ് ധരിക്കാത്തത് എന്നതിന്റെ കാരണം ആർക്കും അറിയില്ല. ഞാൻ ഇന്ന് അത് വെളിപ്പെടുത്താം. എന്റെ മകൾക്ക് ധാരാളം ചെരുപ്പുകൾ ഉണ്ടായിരുന്നു. യു.എസ്, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നൊക്കെ ഞാൻ അവൾക്കായി വാങ്ങിയതായിരുന്നു. അവൾ കോളേജിൽ പോകാനിരുന്നതുകൊണ്ടാണ് അതെല്ലാം വാങ്ങിയത്. അതെല്ലാം ഇപ്പോഴും അതേപോലെ കിടക്കുകയാണ്. അദ്ദേഹം ആ ചെരുപ്പുകളെല്ലാം നോക്കി, തന്റെ ജീവിതകാലം മുഴുവൻ ഇനി ചെരുപ്പ് ധരിക്കില്ലെന്ന് ശപഥം ചെയ്തു. കൺസർട്ടുകളിൽ പങ്കെടുക്കുമ്പോൾ ഒഴിവാക്കാനാവാത്തതിനാൽ അദ്ദേഹം ചെരുപ്പ് ധരിക്കാറുണ്ടെന്നും എന്നാൽ പരിപാടി കഴിഞ്ഞയുടൻ തന്നെ അവ ഊരിമാറ്റാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
"കൺസർട്ടുകൾക്ക് പോകുമ്പോൾ വേറെ വഴിയില്ലാത്തതുകൊണ്ട് മാത്രമാണ് അദ്ദേഹം ചെരുപ്പ് ധരിക്കുന്നത്. ഞങ്ങൾ ലണ്ടൻ, പാരിസ്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ കൺസർട്ടുകൾക്ക് പോയപ്പോൾ അദ്ദേഹം ചെരുപ്പ് ധരിച്ചിരുന്നു. എന്നാൽ കൺസർട്ടുകൾ കഴിഞ്ഞയുടൻ തന്നെ അദ്ദേഹം അവ ഊരിമാറ്റും, അവർ പറഞ്ഞു.
ഇതിനൊപ്പം തന്നെ റാഡോ, റോളെക്സ് തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടെ താൻ സൂക്ഷിച്ചിരുന്ന വിലകൂടിയ വാച്ചുകളുടെ ശേഖരം വിജയ് ആന്റണി ഉപേക്ഷിച്ചതായും ഫാത്തിമ വെളിപ്പെടുത്തി. പകരം, മീര മരിക്കുന്ന സമയത്ത് ധരിച്ചിരുന്ന വാച്ചാണ് അദ്ദേഹം ഇപ്പോൾ ഉപയോഗിക്കുന്നത്.
"എന്റെ മകൾക്ക് വേണമെന്നുണ്ടായിരുന്നതുകൊണ്ട് ഞാൻ അവൾക്കായി വാങ്ങിനൽകിയ വാച്ചാണത്. 4000 രൂപ വിലയുള്ള ആ വാച്ച് മാത്രമാണ് അദ്ദേഹം ഇപ്പോൾ ധരിക്കുന്നത്."
2023-ലായിരുന്നു വിജയ് ആന്റണിയുടെ മകൾ 16കാരി മീര ജീവനൊടുക്കിയത്. ഇത് സിനിമാലോകത്തെയും രാജ്യത്തുടനീളമുള്ള ആരാധകരെയും കടുത്ത ദുഃഖത്തിലാഴ്ത്തിയിരുന്നു. മകളുടെ മരണശേഷം വിജയ് ആന്റെണി ഒരു ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരുന്നു. മകൾ ധീരയും സ്നേഹസമ്പന്നയുമായ ഒരു കുട്ടിയാണെന്നും അവൾ വേദനകളും വിഷമങ്ങളും ഇല്ലാത്ത ഒരിടത്തേക്ക് മാറിയിരിക്കുകയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മകളുടെ വിയോഗം തന്നെ എത്രത്തോളം തളർത്തിയെന്നും അവളുടെ ജീവനോടൊപ്പം താനുമൊരു ജീവിതാവസാനം അനുഭവിച്ചറിയുകയാണെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. അവളുടെ ഓർമ്മയ്ക്കായി നല്ല കാര്യങ്ങൾ ചെയ്തുകൊണ്ട് ബാക്കി ജീവിതം ചിലവഴിക്കുമെന്നും അവളുടെ ആത്മസാന്നിധ്യം താൻ എപ്പോഴും അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.