ഗോൾസ്റ്റാറ്റ്സ് മൊബൈൽ ആപ്ലിക്കേഷന് ഫെബ്രുവരി വരെ മൂന്ന് ലക്ഷത്തിലധികം സന്ദർശനങ്ങൾ ലഭിച്ചതായി സർക്കാർ അറിയിച്ചു. ജിഡിപി, പണപ്പെരുപ്പം, തൊഴിൽ കണക്കുകൾ തുടങ്ങിയ ഔദ്യോഗിക വിവരങ്ങൾ ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഗോൾസ്റ്റാറ്റ്സ്.
ഇതുവരെ 17,475 തവണ ഡൗൺലോഡ് ചെയ്തതായും ഫെബ്രുവരിയിൽ 2,576 സജീവ ഉപയോക്താക്കൾ ഇതിനുണ്ടായിരുന്നതായും സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ സഹമന്ത്രി റാവു ഇന്ദർജിത് സിംഗ് വ്യക്തമാക്കി.
ഔദ്യോഗിക കണക്കുകൾ ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പുതിയ ഡാറ്റാസെറ്റുകളും ഇൻഫോഗ്രാഫിക്സുകളും ആപ്പിൽ ഉൾപ്പെടുത്തുന്ന നടപടികൾ തുടരുകയാണെന്നും അറിയിച്ചു. നിലവിൽ ഒമ്പത് പ്രധാന സ്ഥിതിവിവരക്കണക്കുകൾ ഗോൾസ്റ്റാറ്റ്സ് ആപ്പിൽ ലഭ്യമാണ്.
നാഷണൽ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സ്, ഉപഭോക്തൃ വില സൂചിക, മൊത്തവില സൂചിക, ഗാർഹിക ഉപഭോഗ ചെലവ് സർവേ, പീരിയോഡിക് ലേബർ ഫോഴ്സ് സർവേ, വ്യാവസായിക ഉത്പാദന സൂചിക, ആനുവൽ സർവേ ഓഫ് ഇൻഡസ്ട്രീസ്, ആനുവൽ സർവേ ഓഫ് അൺഇൻകോർപ്പറേറ്റഡ് സെക്ടർ എന്റർപ്രൈസസ്, ഇക്കണോമിക് സെൻസസ് എന്നിവയാണ് ഈ ആപ്പിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.
മൊബൈൽ പ്ലാറ്റ്ഫോമിൽ ലഭ്യമായ 12 പ്രധാന സാമൂഹിക-സാമ്പത്തിക സൂചകങ്ങളെ ഈ ഡാറ്റാസെറ്റുകൾ ഉൾക്കൊള്ളുന്നു. ആപ്പിനെ നിലവിൽ മറ്റ് ദേശീയ ഡാറ്റാ പ്ലാറ്റ്ഫോമുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയില്ലെന്ന് സർക്കാർ അറിയിച്ചു.
ഉപയോക്താക്കൾക്ക് എവിടെയിരുന്നും പ്രധാന സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ ഡാറ്റാ വിതരണ സംരംഭത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജൂണിലാണ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം ആപ്പ് പുറത്തിറക്കിയത്.