ഷിക്കാഗോ: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ കടുത്ത വിമർശനങ്ങളും ഫെഡറൽ അന്വേഷണ വിവാദങ്ങളും മറികടന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ മിനസോട്ടയിൽ വീണ്ടും വിജയിച്ചു.
76.48 ശതമാനം വോട്ടുകൾ നേടിയാണ് അഞ്ചാം തവണയും ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മിനസോട്ടയിലെ അഞ്ചാം കോൺഗ്രസ് ഡിസ്ട്രിക്ടിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോൺ നാഗലിനെ പരാജയപ്പെടുത്തിയ ഒമറിന് 2,62,702 വോട്ടുകൾ ലഭിച്ചു. നാഗലിന് 55,765 വോട്ടുകളാണ് നേടാനായത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒമറിന്റെ വസതിയിൽ ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയും പൗരത്വവുമായി ബന്ധപ്പെട്ട ആരോപണങ്ങളും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
ആരോപണങ്ങൾ ഒമർ നിഷേധിക്കുകയും അന്വേഷണം രാഷ്ട്രീയമായി ലക്ഷ്യമിട്ടുള്ളതാണെന്ന് വിമർശിക്കുകയും ചെയ്തു. അതേസമയം, ഒമർക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തിയതായി സ്ഥിരീകരണമില്ല.
2018ൽ ആദ്യമായി കോൺഗ്രസിലെത്തിയ ഒമർ അമേരിക്കൻ ജനപ്രതിനിധിസഭയിലെ ആദ്യ രണ്ട് മുസ്ലിം വനിതകളിലൊരാളാണ്.