തിരുവനന്തപുരം: സർക്കാർ/യൂണിവേഴ്സിറ്റി സ്ഥാപനങ്ങളിൽനിന്നും സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർഥികൾക്ക് പരിശീലനത്തിന് ചെലവാകുന്ന കോഴ്സ് ഫീസ് (ഒരു വിദ്യാർഥിക്ക് പരമാവധി 20,000 രൂപ വീതവും), ഹോസ്റ്റൽ ഫീസ് (ഒരു വിദ്യാർഥിക്ക് പരമാവധി 10,000 രൂപ വീതവും) ഇനത്തിൽ ചെലവാകുന്ന തുക തിരികെ നൽകുന്ന പദ്ധതിയാണിത്.
അപേക്ഷകർ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച് പൊന്നാനി, യൂണിവേഴ്സിറ്റികൾ നടത്തുന്ന പരിശീലനകേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥിനികൾക്ക് (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തിക വർഷം നൽകുന്നതിലേയ്ക്കായി സിവിൽ സർവീസ് ഫീ റീ ഇംമ്പേഴ്സ്മെന്റ് സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എട്ടു ലക്ഷം രൂപയിൽ കവിയരുത്.
ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് മുൻഗണന നൽകും. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേർഷ്യൽ ബാങ്കിൽ നിന്നും സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദിഷ്ട രേഖകൾ അപ്ലോഡ് ചെയ്ത് പ്രിന്റൗട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുള്ളിൽ സ്ഥാപനമേധാവിക്ക് സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 9. കൂടുതൽ വിവരങ്ങൾക്ക്: 0471 - 2300523, 0471 2300524, 04712302090.