ന്യൂഡല്‍ഹി: രാജ്യത്തെ യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരി ഇടപാടുകള്‍ക്ക് 0.4 ശതമാനം മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്‍) ഈടാക്കാനുള്ള നടപടികള്‍ക്കെതിരെയാണ് ഹര്‍ജി.
കേസില്‍ റിസര്‍വ് ബാങ്കിനെയും എതിര്‍കക്ഷിയാക്കിയിട്ടുണ്ട്. അഭിഭാഷകനായ അഞ്ജന് ദത്തയാണ് സുപ്രീംകോടതിയെ സമീപിച്ചത്.പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് 2007ലെ ഭേദഗതി ചെയ്ത 10എ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത ഹര്ജിക്കാരന്, പത്രക്കുറിപ്പിന്റെയോ എഫ്എക്യുവിന്റെയോ മാത്രം അടിസ്ഥാനത്തില്‍ ഇത്തരം ഫീസുകള്‍ ഈടാക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.
തുക പരിധിയില്ലാതെ റുപേ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് നല്‍കിയിട്ടുള്ള സൗജന്യ പരിരക്ഷ യുപിഐ ഇടപാടുകള്‍ക്ക് നല്‍കാത്തത് വിവേചനപരമാണെന്നും അഞ്ജന് ദത്ത പറയുന്നു. ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റീസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്.