ന്യൂഡൽഹി: സഹ കമ്മിഷണർമാർ ഉന്നയിച്ച എതിർപ്പുകൾക്കൊന്നും മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണറുടേതായി പുറത്തുവന്ന വാർത്താക്കുറിപ്പിൽ മറുപടിയില്ല. ചട്ടങ്ങൾ പാലിക്കാതെയാണു ഫോം 6-ൽ പുതിയ ചോദ്യങ്ങൾ ഉൾപ്പെടുത്തിയതെന്ന സഹകമ്മിഷണർമാരുടെ വിയോജിപ്പിന്, ചോദ്യങ്ങളെല്ലാം സുപ്രീംകോടതി ശരിവച്ചതാണെന്ന വിശദീകരണമാണു കമ്മിഷൻ നൽകിയത്.
എന്നാൽ, ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരാമർശിക്കാതെ സുപ്രീംകോടതിയുടെ പേരുപറഞ്ഞ് കമ്മിഷൻ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
താഴെത്തട്ടിൽ പുതിയ വോട്ടർമാരെ ചേർക്കുന്നത് തടയുന്ന കേന്ദ്രീകൃത രീതിക്കെതിരേയുള്ള ഭിന്നതയ്ക്കു മറുപടിയായി, ഇസിഐ നെറ്റ് പോർട്ടൽ പരിശോധിക്കാൻ ഐഐടി, ഐഐഐടി വിദഗ്ധരെ നിയോഗിക്കുമെന്ന് കമ്മിഷൻ അറിയിച്ചു. എന്നാൽ സാങ്കേതിക പരിശോധനയല്ല, വോട്ടർമാരെ തടയുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണു വേണ്ടതെന്ന് പ്രതിപക്ഷം തുറന്നടിച്ചു.
ഗോവയിൽ തെറ്റായ രീതിയിൽ ഒഴിവാക്കപ്പെട്ട 97 വോട്ടർമാരിൽ 81 പേരുടെയും ഫോം 6 വീണ്ടും പൂരിപ്പിച്ചതായി കമ്മിഷൻ അറിയിച്ചു. എന്നാൽ അനർഹമായി വോട്ടവകാശം നിഷേധിച്ചശേഷം, വീഴ്ച പിടിക്കപ്പെടുമ്പോൾ ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
മിനിറ്റ്സും അജൻഡകളും ഇനി മുൻകൂട്ടി നൽകും
യോഗങ്ങളുമായി ബന്ധപ്പെട്ട അജൻഡകളും മിനിറ്റ്സും ഒരുവർഷമായി നൽകുന്നില്ലെന്ന സഹകമ്മിഷണർമാരുടെ പരാതിയെത്തുടർന്ന്, ഇനിമുതൽ ഇവ മുൻകൂട്ടി നൽകാമെന്ന് കമ്മിഷൻ സമ്മതിച്ചു.
കൂടാതെ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്ക് മുൻകൂർ അനുമതിയും നിർബന്ധമാക്കിയിട്ടുണ്ട്. അതേസമയം, എസ്ഐആർ പൂർത്തീകരിച്ച സംസ്ഥാനങ്ങളിൽ വിട്ടുപോയവർക്ക് ഇആർഒ വഴിയും പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.