എരുമേലി: ശബരിമല തീർഥാടന കാലത്ത് മോഷണത്തിന് പദ്ധതിയിട്ടെത്തിയ രണ്ട് സ്ത്രീകൾ റാന്നിയിൽ പിടിയിലായ സംഭവം എരുമേലിയിലാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് പൊലിസിനെ വലച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ വിളിച്ച് വിവരം തിരക്കിയതോടെ സംഭവം എരുമേലിയിലല്ലെന്ന് പൊലിസ് വിശദീകരിച്ചു.
അതേസമയം, റാന്നിയിൽ സ്ത്രീ മോഷ്ടാക്കൾ പിടിയിലായ സംഭവം പൊലിസ് ഗൗരവത്തോടെയാണ് കാണുന്നത്. ശബരിമല സീസണിലെ തിരക്ക് മുതലെടുത്ത് മോഷണം നടത്താൻ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീ സംഘങ്ങളും എത്തിയേക്കാമെന്ന വിലയിരുത്തലിൽ എരുമേലിയിൽ നിരീക്ഷണം ശക്തമാക്കി.
സംശയകരമായ സാഹചര്യത്തിൽ സ്ത്രീകളെ കണ്ടാൽ നിരീക്ഷിക്കാൻ വനിതാ പൊലിസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്.തമിഴ്നാട് സ്വദേശിനികളായ പാർവതി, ഗീത എന്നിവരാണ് കഴിഞ്ഞ ദിവസം റാന്നിയിൽ പിടിയിലായത്.
സ്വകാര്യ ബസിൽ വേഷം മാറാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാർക്ക് സംശയം തോന്നി പൊലിസിൽ അറിയിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇരുവരും പത്തിലേറെ മോഷണക്കേസുകളിൽ പ്രതികളാണെന്നാണ് പൊലിസ് നൽകുന്ന വിവരം.