കൊച്ചി: ഉറക്കം തൂങ്ങിയ വിദ്യാര്‍ഥിനിയെ ഉണര്‍ത്താന്‍ ക്ലാസെടുക്കുന്നതിനിടെ കൈവെള്ളയില്‍ അടിച്ച അധ്യാപകനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി.
തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ വിസിറ്റിംഗ് ഫാക്കല്‍റ്റിയായ തിരുവനന്തപുരം സ്വദേശി രാജ വാര്യര്‍ക്കെതിരേ സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പടക്കം ചേര്‍ത്ത് തൃശൂര്‍ വെസ്റ്റ് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ റദ്ദാക്കിയത്.
കുട്ടിയെ ഉണര്‍ത്താനാണ് അധ്യാപകന് അങ്ങനെ ചെയ്തതെന്നും മറ്റു വിദ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ 2021 നവംബറില്‍ നടന്ന സംഭവത്തില്‍ ദുരുദ്ദേശ്യം ആരോപിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് ഉത്തരവ്.
പരാതി പറയാന്‍ ഫോണ്‍ ചെയ്ത പരാതിക്കാരിയായ വിദ്യാര്‍ഥിനിയെ അധിക്ഷേപിച്ചെന്നാരോപിച്ച് വകുപ്പ് മേധാവിയെ രണ്ടാം പ്രതിയാക്കിയിരുന്നെങ്കിലും കോടതി ഇടപെട്ട് ഒഴിവാക്കിയിരുന്നു.
പൊലിസ് എഫ്ഐആറും തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടര്‍നടപടികളുമാണ് കോടതി റദ്ദാക്കിയത്.