ഉടുമ്പന്നൂര്‍: വന്യജീവി ആക്രമണങ്ങളില്‍നിന്ന് ജനവാസമേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ കോട്ടക്കവല - മലയിഞ്ചി ഭാഗത്ത് നിര്‍മിക്കുന്ന ഒന്‍പതു കിലോമീറ്റര്‍ ഫെന്‍സിംഗ് പൂര്‍ത്തീകരണത്തിലേക്ക്. ഫെന്‍സിംഗ് നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും മലയിഞ്ചിയില്‍ സന്ദര്‍ശനം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേന്ദ്രന്, വൈസ് പ്രസിഡന്റ് ഷമീന നവാസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ നൈസി ഡെനില്‍, അമ്പിളി സുനില്‍, പഞ്ചായത്തംഗങ്ങളായ ബിജിത ഷിബു, ആഷ്ന അഷറഫ്, പി.ബി. മനോജ്, ബിജോ ജേക്കബ്, ബിന്ദു ഗംഗാധരന്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മനോജ് തങ്കപ്പന്, സെക്രട്ടറി പി.കെ. മുജീബ് എന്നിവരും വനം വകുപ്പ് അധികൃതരും സംഘത്തിലുണ്ടായിരുന്നു.
വന്യജീവിശല്യം രൂക്ഷമായ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നിര്‍ണായക ചുവടുവയ്പ്പാണ് ഫെന്‍സിംഗ് പദ്ധതി. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികള്‍ നേരിടുന്ന വന്യജീവി ഭീഷണിക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.