ന്യൂഡൽഹി: കയറ്റുമതിയേക്കാൾ വേഗത്തിൽ ഇറക്കുമതി വർധിച്ചതിനെത്തുടർന്ന് ഇന്ത്യയുടെ ചരക്ക് വ്യാപാരകമ്മി ഒക്ടോബറിൽ ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 39.88 ബില്യണ്‍ ഡോളറിലെത്തിയതായി കേന്ദ്ര സർക്കാർ ഇന്നലെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 30.21 ബില്യണ്‍ ഡോളറിൽനിന്നാണ് വ്യാപാരകമ്മി ഉയർന്നത്. ഉത്സവസീസണിലെ ഉയർന്ന സ്വർണം വാങ്ങലുകളും ഇന്ധനച്ചെലവിലുണ്ടായ വർധനയും ഇറക്കുമതി കൂട്ടിയതോടെയാണ് രാജ്യത്തിന്റെ വ്യാപാര കമ്മി ഒക്ടോബറിൽ ഒരു വർഷത്തെ ഉയർന്ന നിരക്കിലെത്തിയത്.
2025 ഒക്ടോബറിലാണ് ഇതിനു മുന്‍പ് വ്യാപാരകമ്മി റിക്കാർഡ് നിരക്കായ 42.58 ബില്യണ്‍ ഡോളറിലെത്തിയത്. അന്ന് ഇറക്കുമതി റിക്കാർഡ് നിരക്കായ 76.69 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ചരക്ക്, സേവന കയറ്റുമതി മൊത്തത്തിൽ ഒക്ടോബറിൽ കഴിഞ്ഞ വർഷത്തേക്കാൾ 29.9 ശതമാനം ഉയർന്ന് 89.99 ബില്യണ്‍ ഡോളറിലെത്തി.
ദീപാവലിക്കു മുന്നോടിയായി ജ്വല്ലറികളും ഉപഭോക്താക്കളും സ്വർണം വാങ്ങൽ വർധിപ്പിച്ചതോടെ സെപ്റ്റംബറിലെ 1.8 ബില്യണ്‍ ഡോളറിൽനിന്ന് മഞ്ഞലോഹത്തിന്റെ ഇറക്കുമതി ഏകദേശം മൂന്നിരട്ടിയോളം ഉയർന്ന് 5.51 ബില്യണ്‍ ഡോളറിലെത്തി.
കയറ്റുമതി ഉയർന്നു; ഇറക്കുമതിയും
സർക്കാർ കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ചരക്ക് കയറ്റുമതി മുൻമാസത്തെ 44.40 ബില്യണ്‍ ഡോളറിൽനിന്ന് 49.47 ബില്യണ്‍ ഡോളറായി വർധിച്ചു. അതേസമയം, ഇറക്കുമതി സെപ്റ്റംബറിലെ 74.61 ബില്യണ്‍ ഡോളറിൽനിന്ന് 89.35 ബില്യണ്‍ ഡോളറായി ഉയർന്നു.
ഇന്ത്യയുടെ സേവന കയറ്റുമതി ഒക്ടോബറിൽ 40.51 ബില്യണ്‍ രേഖപ്പെടുത്തിയപ്പോൾ ഇറക്കുമതി 20.72 ബില്യണ്‍ ഡോളറിന്റേതായി. ഇത് 19.79 ബില്യണ്‍ ഡോളറിന്റെ സേവന വ്യാപാരമിച്ചത്തിലേക്കു നയിച്ചു.
ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ചരക്ക് കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 22 ശതമാനം വർധിച്ച് 309.06 ബില്യണ്‍ ഡോളറിലെത്തി.
2026-27 സാന്പത്തികവർഷത്തിന്റെ ആദ്യ ഏഴു മാസങ്ങളിൽ ഇറക്കുമതി മുൻവർഷത്തേക്കാൾ 16 ശതമാനം ഉയർന്ന് 527.21 ബില്യണ്‍ ഡോളറിലെത്തി. ഇതോടെ ഏഴു മാസത്തെ ആകെ വ്യാപാര കമ്മി 218.15 ബില്യണ്‍ ഡോളറായി രേഖപ്പെടുത്തി.