മണിക്കടവ്: പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന ആഭ്യന്തര വകുപ്പും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ-ലഹരിക്കെതിരേ പോരാട്ടം എന്ന പേരിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾ ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ കണ്ണൂർ മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂളിന്റെ "എലിപ്പെട്ടി" എന്ന ഷോർട്ട് ഫിലിം മികച്ച രണ്ടാമത്തെ ഹ്രസ്വ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിദ്യാർഥി അഭിഷേക് കൃഷ്ണ സംസ്ഥാന തലത്തിൽ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. 14 ജില്ലകളിൽ നിന്നായി 302 ഷോർട്ട് ഫിലിമുകൾ ഫെസ്റ്റിവലിൽ പങ്കെടുത്തു. ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 42 ചിത്രങ്ങളാണ് സംസ്ഥാന തലത്തിൽ മത്സരിച്ചത്. വിദ്യാർഥികളായിരുന്നു പൂർണമായും സിനിമയുടെ അണിയറ പ്രവർത്തകർ. ടോണി ബിനു, ഡയാന എലിസബത്ത് ജസ്റ്റിൻ, ജോഷ് വിൻ ജോണി, അതുല്യ സുനിൽ, പി. ആർഷാരാജ്, എബി ടോം, ഡിജില്, ജോയൽ ബിനു, അമൃത് പോൾ, ജോയൽ ജിജോ, പി.എ. ആദർശ് എന്നിവർ അണിയറ പ്രവർത്തകരായ ലഘുചിത്രത്തിൽ അഭിഷേക് കൃഷ്ണ, റയൽ മാത്യൂസ്, എൽറിക്സ് മാത്യു ബാബു, ജെൽവിൻ ജോമോൻ, ജിസിന്റ മരിയ ജോസഫ്, അനന്തു ബിനു, അൽഫി ബിനു, ജോസഫ് ഷിബു എന്നിവർ കഥാപാത്രങ്ങളായി.
സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ വിനിൽ സി. മാത്യു ആണ് ടീച്ചർ കോ -ഓർഡിനേറ്റർ. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള 75,000 രൂപ കാഷ് അവാർഡും ട്രോഫികളും മുഖ്യാധ്യാപകൻ പി.എം. നീലകണ്ഠൻ, വിനിൽ സി മാത്യു, വിദ്യാർത്ഥി അഭിഷേക് കൃഷ്ണ എന്നിവർ തിരുവനന്തപുരത്തു നടന്ന സമാപന സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.