ഫിഫ ലോക ഫുട്ബോളിലെ മിനിമം ഗാരന്റിയും ഹൈലെവൽ പ്രതീക്ഷയുമുള്ള ബ്രാൻഡ്. അത് ഒന്നേയുള്ളൂ. പച്ചപ്പുൽമൈതാനത്ത് മഞ്ഞച്ചിറകുകളുമായി തെന്നിപ്പറക്കുന്ന ബ്രസീൽ. ഗ്രൂപ്പ് സിയെ ബ്രസീൽ സാന്നിധ്യം തന്നെയാണ് ശ്രദ്ധേയം. ആഫ്രിക്കൻ പവർഹൗസ് മൊറോക്കൊയും ഏറെ നാളുകൾക്കു ശേഷം ലോകകപ്പിലേക്ക് മടങ്ങിയെത്തുന്ന സ്കോട്ട്ലൻഡും ഹെയ്തിയുമാണ് മറ്റ് ടീമുകൾ.
ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും നടക്കുന്നത് അമേരിക്കയിൽ.
ബ്രസീൽ
അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ ഇക്കുറിയും കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാൽ, കഷ്ടപ്പെട്ടാണ് മുൻ ലോകചാമ്പ്യന്മാർക്ക് യോഗ്യത നേടാനായത്. റയൽ മാഡ്രിഡ് പരിശീലകനായിരുന്ന കർലോ ആൻസിലോട്ടിയെ ആശാനായി നിയമിച്ചായിരുന്നു അവസാനനിമിഷ രക്ഷാപ്രവർത്തനം. നെയ്മർ ലോകകപ്പ് ടീമിൽ ഉണ്ടാകുമോയെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആൻസിലോട്ടിയുടെ റഡാറിൽ ഇപ്പോഴും നെയ്മർ ഉണ്ടെന്നതാണ് ആരാധകരുടെ ആശ്വാസം. റയലിന്റെ വിനീഷ്യസ്, ബാഴ്സയുടെ റാഫീഞ്ഞ, കസിമെറോ, റിച്ചാലിസൺ, എഡേഴ്സൺ തുടങ്ങിയവർ ചേരുമ്പോൾ ബ്രസീൽ കടലാസിൽ പുലികൾ. പരിക്ക് മൂലം റോഡ്രിഗോ പുറത്തായത് തിരിച്ചടിയാണ്.
മൊറോക്കോ
കഴിഞ്ഞതവണത്തെ സെമിഫൈനലിസ്റ്റുകളാണ് മൊറോക്കോ. ഒരു ആഫ്രിക്കൻ ടീമിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. ആഫ്രിക്കൻ ചാമ്പ്യന്മാരായാണ് ഇത്തവണ അറ്റ്ലസ് ലയൺസിന്റെ വരവ്. സെനഗലുമായി നടന്ന വിവാദ ഫൈനലിനൊടുവിൽ പരിശീലകൻ വാലിദ് റെഗ്രാഗുയി രാജിവച്ചത് തിരിച്ചടിയായി. യൂത്ത് വേൾഡ് കപ്പ് മൊറോക്കോയ്ക്ക് നേടിക്കൊടുത്ത മുഹമ്മദ് ഒഹബിയാണ് പിൻഗാമി. പിഎസ്ജിയുടെ അച്റഫ് ഹക്കിമിയാണ് മൊറോക്കോ കീ പ്ലെയർ. റയലിന്റെ ബ്രഹിം ഡയസും അൽ ഹിലാലിനായി കളിക്കുന്ന യാസിൻ ബൗനോയും ശ്രദ്ധേയ താരങ്ങളാണ്.
ഹെയ്തി
കരീബിയൻ രാജ്യമായ ഹെയ്തി രണ്ടാം തവണ മാത്രമാണ് ലോകകപ്പിനെത്തുന്നത്. 1974ലാണ് ഇതിനു മുമ്പ് ഈ കുഞ്ഞൻരാജ്യം ലോകകപ്പ് കളിച്ചത്. അന്ന് അർജന്റീനയും പോളണ്ടും ഇറ്റലിയും അടങ്ങുന്ന മരണഗ്രൂപ്പിൽനിന്ന് ഒരു മത്സരവും ജയിക്കാതെ മടങ്ങേണ്ടിവന്നു. സെബാസ്റ്റ്യൻ മിഗ്നെയാണ് പരിശീലകൻ.
ലോകറാങ്കിംഗിൽ 83-ാമതാണ് ഹെയ്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം ഡക്കൻസ് നാസനാണ് ഹെയ്തിയെ നയിക്കുന്നത്. കോൺകാഫ് യോഗ്യതാ റൗണ്ടിൽ ഹാട്രിക് ഉൾപ്പെടെ ആറു ഗോളുകളാണ് ഈ ബ്ലാസ്റ്റേഴ്സ് മുൻ താരത്തിന്റെ ബൂട്ടിൽനിന്നും പിറന്നത്. 2016-2017 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയ നാസൺ ഏഴ് മത്സരങ്ങളിൽനിന്ന് രണ്ട് ഗോൾ സ്വന്തമാക്കിയിരുന്നു. ഫ്രാൻസി പീറെറ്റ്, ജോണി പ്ലസെയ്ഡ് എന്നിവരും ശ്രദ്ധേയരാണ്.
സ്കോട്ലൻഡ്
28 വർഷത്തിനു ശേഷമാണ് സ്കോട്ലൻഡ് ലോകകപ്പിൽ മടങ്ങിയെത്തുന്നത്. മുമ്പ് എട്ട് തവണ ലോകകപ്പ് കളിച്ച സ്കോട്ലൻഡിന് ഒരിക്കൽപോലും ഗ്രൂപ്പ് ഘട്ടം കടക്കാനിയിട്ടില്ല. ഡെന്മാർക്കിനെ 4-2ന് തോൽപ്പിച്ചാണ് ഇത്തവണ യോഗ്യത ഉറപ്പിച്ചത്. സ്റ്റീവ് ക്ലാർക്കാണ് പരിശീലകൻ. ക്യാപ്റ്റൻ സ്കോട്ട് മക്ടോമിനി, ജോൺ മഗിൻ, ബില്ലി ഗിൽമോർ, കെന്നി മഗ്ലീൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.