ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിയുമായി സിനിമാ സംഘടനകൾ. രഞ്ജിത്തിനെ ഫെഫ്കയിൽനിന്ന് പുറത്താക്കി.
കേസിൽ വിധി വരുന്നത് വരെ ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റിനിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
സമാനമായ രീതിയിൽ ആരോപണവിധേയരായ സിനിമാ പ്രവർത്തകർക്കെതിരേ ഇത്തരത്തിലുള്ള നടപടി തന്നെയാണ് നേരത്തെയും സംഘടന എടുത്തിട്ടുള്ളതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഇപ്പോഴുണ്ടായിരിക്കുന്നത് പ്രാഥമിക നടപടിക്രമമാണെന്നും രണ്ട് യൂണിയനുകളുടെയും ജനറൽ സെക്രട്ടറിമാർക്ക് നിർദേശം നൽകിയ പ്രകാരം ഓൺലൈനായി ഒരു കമ്മിറ്റി ചേർന്ന് വിഷയത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഐസിസിയിൽ പരാതി ലഭിച്ചിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.