ലക്നോ: ഉത്തർപ്രദേശിലെ ബന്ദയിൽ മൊബൈലിൽ റീൽ ചിത്രീകരിക്കുന്നതിനിടെ യുവതി അബദ്ധത്തിൽ തൂങ്ങിമരിച്ചു. വീടിനുള്ളിൽ തൂങ്ങിമരണത്തിന്റെ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് മോഹിനി (27) എന്ന യുവതി മരിച്ചത്.
മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താനായി കഴുത്തിൽ ഒരു കുരുക്ക് കെട്ടി സ്റ്റൂളിൽ കയറി നിൽക്കുകയായിരുന്നു. ഉടൻ തന്നെ സ്റ്റൂളിൽ നിന്ന് വഴുതി വീണ മോഹിനിയുടെ കഴുത്തിൽ കുരുക്ക് മുറുകിയതോടെയാണ് മരണം സംഭവിക്കുന്നത്.
മോഹിനിയുടെ നാല് വയസുള്ള മകൾ മുറിക്കുള്ളിൽ കയറിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു.
മൃതദേഹം കുരുക്കിൽ നിന്ന് താഴെയിറക്കി പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.