ചെന്നൈ: ഫിനാൻസ് ഇൻഫ്ലുവൻസർ വി. ഹരീഷ് (27) ജീവനൊടുക്കിയ സംഭവത്തിൽ യുട്യൂബർ ജേസൺ സാമുവൽ അറസ്റ്റിൽ. ഓൺലൈൻ വഴി നടത്തിയ സൈബർ ആക്രമണവും ഭീഷണിയുമാണ് ഹരീഷിന്റെ മരണത്തിനു കാരണമെന്ന കുടുംബത്തിന്റെ പരാതിയിലാണ് നടപടി.
പുതുച്ചേരി സ്വദേശിയായ ഹരീഷ്, 'ഫിനാൻസ് വിത്ത് ഹരീഷ്' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടിയത്. പത്ത് ലക്ഷത്തിലധികം പേർ പിന്തുടർന്നിരുന്ന ഈ പേജ്, ചട്ടലംഘനങ്ങൾ ചൂണ്ടിക്കാണിച്ചുള്ള പരാതികളെ തുടർന്നു കഴിഞ്ഞ മാസം നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഹരീഷും ജേസൺ സാമുവലും തമ്മിൽ തർക്കങ്ങൾ ഉടലെടുത്തത്.
ഇരുവരും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്നു ജേസൺ സാമുവൽ അപകീർത്തികരമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ഓൺലൈൻ മുഖേന ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഹരീഷിന്റെ പിതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. വാടകവീട്ടിൽ ഹരീഷിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, സൈബർ ബുള്ളിയിംഗും മാനസികസമ്മർദവുമാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലിസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.