വടകര: അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ വടകര എന്‍ഡിപിഎസ് കോടതി തള്ളി.
പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപകരായിരുന്ന മൂന്നാം പ്രതി കാവ്യ, നാലാം പ്രതി ആവള സ്വദേശി നീഷ്മ എന്നിവരുടെയും അഞ്ചാം പ്രതിയും ഡെലിവറി ബോയുമായ ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസിന്റെയും ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
ജിജില്‍ കുര്യാക്കോസ് പയ്യോളി പൊലിസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിലും പ്രതിയാണ്.
ഒന്നാം പ്രതി വടകര താഴെഅങ്ങാടി സ്വദേശി സഫ്വാന് 60 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞതിനാല്‍ വടകര എന്‍ഡിപിഎസ് കോടതിയും, രണ്ടാം പ്രതി പേരാമ്പ്ര ബിആര്‍സി അധ്യാപിക കീര്‍ത്തനയ്ക്ക് ഹൈക്കോടതിയും കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. അധ്യാപികമാരായ കീര്‍ത്തന, കാവ്യ, നീഷ്മ തുടങ്ങിയവര്‍ അഞ്ചാം പ്രതിയായ ജിജില്‍ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ആറു മാസംകൊണ്ട് ഒരു കോടിയിലേറെ രൂപ ജിജില്‍ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ ഇടപാട് നടത്തിയതായും കണ്ടെത്തി.
ഈ പണം മുഖ്യപ്രതിയായ വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്ക് പോയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.