വൈപ്പിൻ: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോടു ചേർന്ന് ട്രോളിംഗ് (കരവലി) നടത്തിയ ഒരു മത്സ്യബന്ധന ബോട്ട് കൂടി ഫിഷറീസ് അധികൃതർ പിടികൂടി. ഇന്നലെ ഞാറക്കൽ ഭാഗത്ത് കരവലി നടത്തിയ കടൽ കൊമ്പൻ എന്ന മത്സ്യബന്ധന ബോട്ടാണ് പിടികൂടിയത്.
ഞാറയ്ക്കൽ, നായരമ്പലം ഭാഗങ്ങളിൽ ട്രോളിംഗ് ബോട്ടുകൾ വ്യാപകമായ കരവലി നടത്തുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടർന്ന് വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻറ് ഡയറക്ടർഎം.എം. ജിബിനയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ബോട്ട് കുടുങ്ങിയത്. തുടർന്ന് ബോട്ടിന് 1.5 ലക്ഷം രൂപ പിഴ ചുമത്തി.
ഫിഷറി ഗാർഡുമാരായ അനീഷ്, നൈന, സീ ഗാർഡുമാരായ ഷെല്ലൻ, മഹേന്ദ്രൻ എന്നിവരും പട്രോളിംഗ് സംഘത്തിൽ ഉണ്ടായിരുന്നു.ഒരു ദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്ന് അസി. ഡയറക്ടർ അറിയിച്ചു. കെഎംഎഫ്ആർ ആക്ട് പ്രകാരം കരയോട് ചേർന്നുള്ള 20 മീറ്റർ ആഴത്തിലുള്ള പ്രദേശങ്ങളിൽ യന്ത്രവൽക്കൃത യാനങ്ങൾക്ക് മത്സ്യബന്ധനത്തിന് നിരോധനമുണ്ട്.