National
ചെന്നൈ/കോൽക്കത്ത: നിയസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ, 234 നിയമസഭാ മണ്ഡലങ്ങളിൽ 4023 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. ഭരണത്തുടർച്ചയാണ് ഡിഎംകെയുടെ ലക്ഷ്യം. അധികാരത്തിൽ തിരിച്ചെത്താനാണ് എൻഡിഎയ്ക്കു നേതൃത്വം നല്കുന്ന അണ്ണാ ഡിഎംകെ ലക്ഷ്യമിടുന്നത്. ഇരു മുന്നണികൾക്കു പുറമേ നടൻ വിജയ് നേതൃത്വം നല്കുന്ന ടിവികെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നു.
ബംഗാളിൽ ആദ്യ ഘട്ടത്തിൽ 152 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് നടക്കുക. വടക്കൻ ബംഗാളിലെ 54 സീറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. ബിജെപിക്കു ശക്തിയുള്ള മണ്ഡലങ്ങളാണ് ആദ്യ ഘട്ടം വോട്ടെടുപ്പ് നടക്കുന്നതെന്നാണ് സവിശേഷത. 2021ൽ ബിജെപി 59ഉം തൃണമൂൽ കോൺഗ്രസ് 93ഉം സീറ്റുകളിലാണ് വിജയിച്ചത്.
ആകെ 3.6 കോടി വോട്ടർമാർ. സുഗമമായ വോട്ടെടുപ്പിനായി 2450 കന്പനി കേന്ദ്ര സേനയെയാണ് ബംഗാളിൽ വിന്യസിച്ചിരിക്കുന്നത്.
District News
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റ് യന്ത്രങ്ങളുടെയും ഒന്നാംഘട്ട റാന്ഡമൈസേഷന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്കൂടിയായ ജില്ലാ കളക്ടര് ഡോ. ദിനേശന് ചെറുവാട്ട് നിര്വഹിച്ചു. വിവിധ രാഷ്ട്രീയപാര്ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് റാന്ഡമൈസേഷന് നടന്നത്.
ബാലറ്റ് യൂണിറ്റ്, കണ്ട്രോള് യൂണിറ്റ്, വിവിപാറ്റ് എന്നിവ നിയോജക മണ്ഡലത്തിന്റെ അടിസ്ഥാനത്തില് റാന്ഡമൈസേഷന് തെരഞ്ഞെടുത്തു. ഇവിഎം മാനേജ്മെന്റ് സിസ്റ്റം എന്ന സോഫ്റ്റ്വേര് മുഖേനയാണ് ഓരോ നിയോജകമണ്ഡലത്തിലേക്കുമുള്ള യന്ത്രങ്ങള് തെരഞ്ഞെടുത്തത്. ഇവയില്നിന്ന് ഓരോ ബൂത്തിലേക്കുമുള്ള യന്ത്രങ്ങള് രണ്ടാംഘട്ട റാന്ഡമൈസേഷനില് നിര്ണയിക്കും. ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, പോലീസ് നിരീക്ഷകന് പവന്കുമാര്, പൊതു നിരീക്ഷകരായ ദീപ്തി ഉപല്, ഹര്ഷദ്കുമാര് ആര്. പട്ടേല്, സബ് കളക്ടര് അനുപ് ഗാര്ഗ്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര് ഷീബാ മാത്യു, വിവിധ രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള് തുടങ്ങിയവര് പങ്കെടുത്തു.
ഓരോ നിയോജക മണ്ഡലത്തിലേക്കും തെരഞ്ഞെടുത്ത വോട്ടിംഗ് യന്ത്രങ്ങളുടെ എണ്ണം ബാലറ്റ് യൂണിറ്റ്, കണ്ട്രോള് യൂണിറ്റ്, വിവിപാറ്റ് എന്ന ക്രമത്തില്.
ദേവികുളം - 255, 255, 277
ഉടുമ്പന്ചോല - 239, 239, 259
തൊടുപുഴ - 272, 272, 295
ഇടുക്കി - 246, 246, 267
പീരുമേട് - 266, 266, 288
District News
കടുത്തുരുത്തി: കോട്ടയം-എറണാകുളം മെയിന് റോഡിന് സമാന്തരമായി പൊതുമരാമത്ത് വകുപ്പ് നിര്മിക്കുന്ന കടുത്തുരുത്തി ടൗണ് ബൈപാസ് റോഡിന്റെ ആദ്യഘട്ടത്തില് നടപ്പിലാക്കുന്ന ബിറ്റുമിന് മെക്കാഡം ടാറിംഗ് ജോലികള് പൂര്ത്തീകരിച്ചതായി മോന്സ് ജോസഫ് എംഎല്എ അറിയിച്ചു.
രണ്ടാം ഘട്ടത്തില് നടപ്പിലാക്കുന്ന ബിറ്റുമിന് കോണ്ക്രീറ്റ് ടാറിംഗ് ജോലികള് ഒരാഴ്ചയ്ക്കു ശേഷം ഇതിന്റെ തുടര്ച്ചയായി നടപ്പാക്കുമെന്നും എംഎല്എ അറിയിച്ചു. കടുത്തുരുത്തി-പിറവം റോഡിന്റെ രണ്ടാം ഘട്ടമായി നടപ്പാക്കാന് ബിറ്റുമിന് കോണ്ക്രീറ്റ് ടാറിംഗ് ജോലികളും ഉടനെ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി എംഎല്എ പറഞ്ഞു. ആദ്യഘട്ട ടാറിംഗ് ജോലികള് പൂര്ത്തീകരിച്ച കടുത്തുരുത്തി ടൗണ് ബൈപാസ്.
Kerala
തിരുവനന്തപുരം: മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗണ്ഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി. 25നു വൈകുന്നേരം നാലിന് എൽസ്റ്റണ് എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടൗണ്ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും നിർവഹിക്കും.
ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗണ്ഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീടു നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നൽകുന്നത്. പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധം 1,000 ചതുരശ്രയടിയിൽ ഒറ്റനിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ടു മുറികൾ, സിറ്റൗട്ട്, ലിവിംഗ്, സ്റ്റഡി റൂം, ഡൈനിംഗ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ടൗണ്ഷിപ്പിൽ ഒരുങ്ങുന്ന 410 വീടുകളിലായി 1,662 ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്. വീടുകൾക്കു പുറമേ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്ററുകൾ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാകും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, ഒപി, ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങളും സജ്ജീകരിക്കും. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പണ് മാർക്കറ്റ്, കുട്ടികൾക്കു കളിസ്ഥലം, പാർക്കിംഗ് എന്നിവ ഒരുക്കും. മർട്ടി പർപ്പസ് ഹാൾ, കളിസ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്, ഓപ്പണ് എയർ തീയേറ്റർ എന്നിവ കമ്യൂണിറ്റി സെന്ററിൽ നിർമിക്കും.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ടൗണ്ഷിപ്പ് നിർമിക്കാൻ കൽപ്പറ്റ വില്ലേജിലെ എൽസ്റ്റണ് എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. അതിജീവിതർക്കു സുരക്ഷിത സ്ഥലം വാസയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഭൂമി ഏറ്റെടുക്കൽ. ഭൂമി ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2025 മാർച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ ടൗണ്ഷിപ്പിനു തറക്കല്ലിട്ടു. 25നു നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.
District News
കാസര്ഗോഡ്: വോട്ടര് ബോധവത്കരണ പരിപാടികള് കൂടുതല് ജനകീയമാക്കുന്നതിന്റെ ഭാഗമായി കോളേജ് തലങ്ങളില് ബോധവത്കരണ, പരിശീലനപരിപാടികള് സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര് കെ. ഇമ്പശേഖര് പറഞ്ഞു. ആദ്യഘട്ടത്തില് കോളജ് തലത്തില് ബോധവത്കരണ പരിപാടികള് നടത്തും. വോട്ടര്മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് അവബോധം നല്കുന്നതിനുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നടപ്പിലാക്കുന്ന സ്വീപ് പദ്ധതിയുടെ ജില്ലാതല കര്മ പദ്ധതി ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു കളക്ടര്.
വോട്ടിംഗിനെക്കുറിച്ച് പ്രായോഗികമായ അറിവ് പകരുന്നതിലൂടെ ജനാധിപത്യ പ്രക്രിയയില് യുവ വോട്ടര്മാരുടെ പങ്കാളിത്തം വര്ധിപ്പിക്കാന് സഹായിക്കും. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര് എ.എന്. ഗോപകുമാര് അധ്യക്ഷത വഹിച്ചു. സ്വീപ് നോഡല് ഓഫീസര് കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് രതീഷ് പിലിക്കോട് പരിപാടി വിശദീകരിച്ചു. ജില്ലാ ഇന്ഫര്മേഷന് ഓഫീസര് എം.മധുസൂദനന് ക്ലാസ് നയിച്ചു. ജില്ലയുടെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലവും മുന് തെരഞ്ഞെടുപ്പുകളിലെ പോളിംഗ് ശതമാനവും കണക്കിലെടുത്ത് വിപുലമായ പ്രചാരണ പരിപാടികള്ക്കാണ് യോഗം രൂപം നല്കിയത്. അച്ചടി, ദൃശ്യ, സാമൂഹ്യമാധ്യമങ്ങള് വഴി വോട്ടര് സാക്ഷരത ഉറപ്പാക്കാനുള്ള കര്മപദ്ധതികള് വരുംദിവസങ്ങളില് നടപ്പിലാക്കും.
Kerala
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്മല ദുരന്തം ഓര്മപ്പെടുത്തിക്കൊണ്ടായിരുന്നു പുതുവര്ഷ പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്ത്താസമ്മേളനം. ലോകമെമ്പാടുമുള്ള മലയാളികള് ഒറ്റ മനസോടെ വയനാട് മുണ്ടക്കൈ ദുരന്തബാധിതരോടൊപ്പം നിന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കല്പ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എല്സ്റ്റണ് എസ്റ്റേറ്റ് ഭൂമിയില് ടൗണ്ഷിപ്പ് നിര്മാണം ദ്രുതഗതിയില് പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉള്ക്കൊള്ളുന്നതാണ് ടൗണ്ഷിപ്പ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തില് അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിലാണ് നിര്മാണം. ഫെബ്രുവരിയോടെ ആദ്യഘട്ടം പൂര്ത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
207 വീടുകളുടെ വാര്പ്പ് പൂര്ത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു. ബാക്കി വീടുകളുടെ പണികള് വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂര്ത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയില് ഗുണഭോക്താക്കള്ക്ക് കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നത്.
Kerala
തിരുവനന്തപുരം: ഏഴു ജില്ലകളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ 71 ശതമാനം പോളിംഗ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള കേരളത്തിന്റെ പാതിയിൽ നടന്ന വോട്ടെടുപ്പിൽ മുൻ വർഷത്തെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനത്തിൽ നാലു ശതമാനത്തോളം കുറവുണ്ടായി.
2020ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 75.95 ശതമാനം ആയിരുന്നു പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളത്തും 74.58 ശതമാനവും കുറവ് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തുമാണ്.67.5 ശതമാനം. അന്തിമ കണക്കുകൾ വരുന്പോൾ പോളിംഗ് ശതമാനത്തിൽ നേരിയ വ്യത്യാസം ഇനിയും വരുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
ജില്ലകളിലെ പോളിംഗ് ശതമാനം
തിരുവനന്തപുരം:67.4
കൊല്ലം: 70.36
പത്തനംതിട്ട: 66.78
ആലപ്പുഴ: 73.76
കോട്ടയം:70.94
ഇടുക്കി: 71.79
എറണാകുളം: 74.58
Kerala
തിരുവന്തപുരം: സംസ്ഥാനത്തെ ആവേശത്തിലാഴ്ത്തി ഒരേ സമയം വോട്ടെടുപ്പും കോട്ടിക്കലാശവും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെ വിധിയെഴുതുമ്പോൾ തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ കൊട്ടിക്കലാശം നടക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വൈകുന്നേരം അഞ്ച് വരെ 69.41 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളത്തും (70.14%) കുറവ് കുറവ് പോളിംഗ് തിരുവനന്തപുരത്തും (62.52%) ആണ് രേഖപ്പെടുത്തിയത്.
ആലപ്പുഴ 69.35%, കൊല്ലം 66%, പത്തനംതിട്ട 63.22%, കോട്ടയം 66.58%, ഇടുക്കി 66.22% എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
അതേസമയം തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കൊട്ടിക്കലാശം നടക്കകയാണ്. വൈകുന്നേരം ആറ് വരെയാണ് പരസ്യപ്രചാരണം ഉള്ളത്. വ്യാഴാഴ്ചയാണ് ഈ ജില്ലകളിൽ വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. വൈകുന്നേരം നാല് വരെ 60 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിംഗ് തിരുവനന്തപുരത്തും (55.71%) കൂടുതൽ പോളിംഗ് എറണാകുളത്തുമാണ് (63.54%) രേഖപ്പെടുത്തിയത്.
ആലപ്പുഴ 62.64%, കൊല്ലം 59.68%, പത്തനംതിട്ട 57.49%, കോട്ടയം 60.02%, ഇടുക്കി 58.84% എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. സ്ഥാനാർഥികൾ എല്ലാവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
കഴിഞ്ഞ ഒരു മാസം നടത്തിയ പ്രചാരണം ജനങ്ങൾ ഏറ്റെടുത്തതിന്റെ തെളിവാണ് പോളിംഗിൽ കാണാൻ കഴിയുന്നത്. ഉയർന്ന പോളിംഗ് തങ്ങൾക്ക് അനുകൂലമാണെന്ന് രാഷ്ട്രീയ പാർട്ടി നേതാക്കൾ പറഞ്ഞു. ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീനുകൾ പണിമുടക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളൊഴിച്ചാൽ തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
വോട്ടിംഗ് മെഷീൻ മാറിയതിനെ തുടർന്ന് പത്തനാപുരത്ത് തെരഞ്ഞെടുപ്പ് വൈകിയാണ് ആരംഭിച്ചത്. പട്ടാഴി പാണ്ടിത്തിട്ട ഗവ. എൽപിഎസിലെ ബൂത്തിൽ നടുത്തേരി ബ്ലോക്ക് ഡിവിഷന്റെ മെഷിനായിരുന്നു എത്തിക്കേണ്ടിയിരുന്നത്. പകരം തലവൂർ ഡിവിഷനിലെ വോട്ടിംഗ് മെഷിനാണ് എത്തിച്ചത്.
ഇതോടെ പട്ടാഴിയിലും തലവൂരിലും വോട്ടിംഗ് വൈകിയാണ് ആരംഭിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നഷ്ടപ്പെട്ട സമയത്തിനു പകരമായി അധിക സമയം അനുവദിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബാക്കിയുള്ള ഏഴുജില്ലകള്ക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 13ന് രാവിലെ വോട്ടെണ്ണും.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മികച്ച പോളിംഗ്. വോട്ടെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ 7.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ എട്ടുശതമാനവും ഇടുക്കി, തിരുവനന്തപുരം, കൊല്ലം ജില്ലയിൽ ഏഴു ശതമാനവും എറണാകുളത്ത് 8.5 ശതമാനവും വോട്ട് രേഖപ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകൾ ഉൾപ്പെടെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തിൽ ആകെ 480 പ്രശ്നബാധിത ബൂത്തുകളുണ്ട്.
ആദ്യം ഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രശ ബാധിത ബൂത്തുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 186 പ്രശ്ന ബാധിത ബൂത്തുകളാണ് തിരുവനന്തപുരത്തുള്ളത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പ്രചാരണത്തിന് ഞായറാഴ്ച വൈകുന്നേരം അറിന് സമാപനം കുറിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഞായറാഴ്ച പരസ്യ പ്രചാരണം സമാപിക്കുന്നത്.
ഈ ഏഴു ജില്ലകളിൽ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. ഇവിടങ്ങളിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒന്നാംഘട്ടത്തിൽ 1,32,83739 വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.
ഏഴു ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലായി 36,630 സ്ഥാനാർഥികളാണ് ഒന്നാംഘട്ടം ജനവിധി തേടുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒമ്പതിന് വൈകുന്നേരം പരസ്യപ്രചാരണം അവസാനിക്കും. 11നാണ് ഇവിടങ്ങളിൽ വോട്ടെടുപ്പ്. 13നു ഫലം അറിയാനാകും.
സംസ്ഥാനത്താകെ 2448 പ്രശ്നബാധിത ബൂത്തുകളുണ്ടെന്നാണ് റിപ്പോർട്ട്. സാധാരണ ബൂത്തുകളിൽ വോട്ടെടുപ്പുദിവസം ഒരു പോലീസ് ഉദ്യോഗസ്ഥനെ വിന്യസിക്കുകയാണെങ്കിൽ പ്രശ്ന ബാധിത ബൂത്തുകളിൽ ഇന്റലിജൻസ് വിഭാഗങ്ങളുടെ പ്രശ്ന സാധ്യത എത്രത്തോളമുണ്ടാകാമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് വിന്യാസം.
Kerala
തിരുവനന്തപുരം: ഏഴു ജില്ലകളിലായി ഒൻപതിനു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ വിധിയെഴുതുന്നത് 1.32 കോടി വോട്ടർമാർ. ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം നാളെ വൈകുന്നേരം ആറിനു സമാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പു നടക്കുന്നത്.
ഈ ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലായി 36,630 സ്ഥാനാർഥികളാണ് ഒന്നാംഘട്ടത്തിൽ ജനവിധി തേടുന്നത്. പരസ്യപ്രചാരണത്തിന്റെ സമാപനമായ കൊട്ടിക്കലാശത്തിനും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തി. ഒരു സ്ഥലത്ത് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ കലാശക്കൊട്ട് നടത്തരുതെന്നാണു പ്രധാന നിർദേശം.
പൊതുജനങ്ങൾക്കു മാർഗ തടസം സൃഷ്ടിക്കാൻ പാടില്ലെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒൻപതിന് വൈകുന്നേരം ആറുവരെ പരസ്യ പ്രചാരണമാകാം.
രാവിലെ ഏഴുമുതൽ വൈകുന്നരം ആറു വരെയാണ് വോട്ടെടുപ്പ്. രണ്ടുഘട്ടങ്ങളിലായി 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതെങ്കിലും കണ്ണൂർ ജില്ലയിൽ 14 വാർഡുകളിൽ വോട്ടെടുപ്പില്ല.
14 ഇടത്തും ഇടതു സ്ഥാനാർഥികൾക്ക് എതിരില്ല. രണ്ടുഘട്ടങ്ങളിലുംകൂടി 75,633 പേരാണ് മത്സരരംഗത്തുള്ളത്.
ഒന്നാംഘട്ടം ഒമ്പതിന്
ആകെ വോട്ടർമാർ-1,32,83,739
പുരുഷന്മാർ-62,51,219
സ്ത്രീകൾ-70,32,444
ട്രാൻസ്ജെൻഡർ-126
പ്രവാസികൾ-456
തദ്ദേശ സ്ഥാപനങ്ങൾ-595
ഗ്രാമപഞ്ചായത്തുകൾ-471
ബ്ലോക്ക് പഞ്ചായത്തുകൾ-75
മുനിസിപ്പാലിറ്റി-39
കോർപറേഷൻ-3
ജില്ലാപഞ്ചായത്ത്-7
ആകെ വാർഡുകൾ-11,168
ഗ്രാമപഞ്ചായത്ത്-8310
ബ്ലോക്ക്-1090
ജില്ലാ പഞ്ചായത്ത്-164
മുനിസിപ്പാലിറ്റി-1371
കോർപറേഷൻ-233
സ്ഥാനാർഥികൾ-36,630
പുരുഷന്മാർ-17,056
സ്ത്രീകൾ-19,573
ട്രാൻസ്ജെൻഡർ-1
രണ്ടാംഘട്ടം 11ന്
ആകെ വോട്ടർമാർ-1,53,78,937
പുരുഷന്മാർ-72,65,710
സ്ത്രീകൾ-81,13,064
ട്രാൻസ്ജെൻഡർ-163
പ്രവാസി-3293
തദ്ദേശ സ്ഥാപനങ്ങൾ-604
ഗ്രാമപഞ്ചായത്ത്-470
ബ്ലോക്ക് പഞ്ചായത്ത്-77
മുനിസിപ്പാലിറ്റി-47
കോർപറേഷൻ-3
ജില്ലാ പഞ്ചായത്ത്-7
ആകെ വാർഡുകൾ-12,408
ഗ്രാമപഞ്ചായത്ത്-9,027
ബ്ലോക്ക് പഞ്ചായത്ത്-1,177
ജില്ലാ പഞ്ചായത്ത്-182
മുനിസിപ്പാലിറ്റി-1834
കോർപറേഷൻ-188.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 66.91% പേർ വോട്ട് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തിൽ 65.06 ശതമാനം പേരും രണ്ടാം ഘട്ടത്തിൽ 68.76 ശതമാനം പേരുമാണ് വോട്ട് ചെയ്തത്. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം ആണിത്.
ചൊവ്വാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ കത്തിഹാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 78.82 % പേരാണ് അവിടെ വോട്ട് ചെയ്തത്. 78.13 % പേർ വോട്ട് രേഖപ്പെടുത്തിയ കിഷൻഗഞ്ച് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 57.85 ശതമാനം ആളുകൾ മാത്രം വോട്ട് ചെയ്ത നവാഡയില്ലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ 60.40 പേർ വോട്ട് രേഖപ്പെടുത്തി.
കിഷൻഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 66.10 പേരാണ് അവിടെ വോട്ട് രേഖപ്പെടുത്തിയത്. നവാഡിയിലാണ് ഏറ്റവും കുറവ് പോളിംഗ് (53.17%). വൈകുന്നേരം അഞ്ച് വരെയാണ് വോട്ടെടുപ്പ് നടക്കുക.
20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 65.08 ശതമാനം പേരാണ് വ്യാഴാഴ്ച വോട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ബിജെപി വക്താവ് രവി ശങ്കർ പ്രസാദ് എംപി. ഇത്തവണ വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വിജയിക്കുകയെന്നും രവി ശങ്കർ പ്രസാദ് അവകാശപ്പെട്ടു. രണ്ടാം ഘട്ട് വോട്ടെടുപ്പിന് മുന്നോടിയായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"എൻഡിഎയുടെ വിജയം സുനിശ്ചിതമാണ്. കാരണം സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും തുടരേണ്ടതുണ്ട്. അതിന് എൻഡിഎ സർക്കാർ തന്നെ വരണം. അതുകൊണ്ട് തന്നെ ജനങ്ങൾ ഞങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യും.'- രവി ശങ്കർ പ്രസാദ് പറഞ്ഞു.
ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ വ്യാഴാഴ്ച നടന്നു. ഇന്നാണ് രണ്ടാ ഘട്ട തെരഞ്ഞെടുപ്പ്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് വികാശീൽ ഇൻസാൻ പാർട്ടി അധ്യക്ഷനും മഹാസഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയുമായ മുകേഷ് സഹാനി. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയെന്നും മുകേഷ് പറഞ്ഞു.
"ബിഹാറിൽ മഹാസഖ്യത്തിന് അനുകൂലമായ തരംഗമാണ്. ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്യുകയാണ്. ഒന്നാം ഘട്ടത്തിൽ തന്നെ മഹാസഖ്യം 80 ലധികം സീറ്റുകൾ ഉറപ്പാക്കി കഴിഞ്ഞു. എൻഡിഎ തകർന്നടിയും.'-മുകേഷ് അവകാശപ്പെട്ടു.
"എൻഡിഎ വിജയിക്കുമെന്നാണ് അവർ പറയുന്നത്. അവർ കുറച്ച് ദിവസം കൂടി സ്വപ്നം കാണട്ടെ. 14ന് ഫലം വരുന്പോൾ മഹാസഖ്യം ആയിരിക്കും വിജയിക്കുക. അതാണ് നടക്കാൻ പോകുന്നത്.'- മുകേഷ് പറഞ്ഞു.
ബിഹാർ നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം വ്യാഴാഴ്ചയാണ് നടന്നത്. 65.08 % പേരാണ് വോട്ട് ചെയ്തത്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
Kerala
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പോളിംഗ് 60.13%. വൈകിട്ട് അഞ്ച് വരെയുള്ള കണക്കാണിത്. ബഗുസാരായിയിൽ 67.32% പോളിംഗ് നടന്നു. ഷെയ്ഖ്പുരയിലാണ് കുറഞ്ഞ പോളിംഗ്. ഇവിടെ 52.36% പോളിംഗ് നടന്നു.
രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാർ, മന്ത്രിമാരായ സമ്രത് ചൗധരി, വിജയ് കുമാർ സിൻഹ, ഇന്ത്യാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, രാജീവ് രഞ്ജൻ സിംഗ് തുടങ്ങിയ പ്രമുഖർ വോട്ട് രേഖപ്പെടുത്തി.
തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപുർ, ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപുർ ഉൾപ്പെടെ 121 മണ്ഡലങ്ങളിലായി 1,314 പേരാണു മത്സരരംഗത്തുള്ളത്. ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിൽ 121 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.
National
പാറ്റ്ന: ബിഹാറിൽ ആദ്യഘട്ടത്തിൽ മികച്ച പോളിംഗ്. വൈകുന്നേരം മൂന്നു 53.77 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ ആദ്യ ഘട്ടത്തിൽ 55.68 ശതമാനം ആയിരുന്നു ആകെ പോളിംഗ്. ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിൽ 121 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
വാശിയേറിയ പ്രചാരണം വോട്ടിംഗിലും പ്രതിഫലിക്കുന്ന കാഴ്ചയാണ് ബിഹാറിൽ നിന്നും കാണുന്നത്. ബെഗുസരായ് ജില്ലയിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്.
അതേസമയം ബിഹാർ ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ അതിക്രമമുണ്ടായി. ഉപമുഖ്യമന്ത്രി വിജയ് സിൻഹയുടെ കാറിനു നേരെ കല്ലെറുണ്ടായി. ബിഹാറിലെ ലക്കിസറായിലാണ് അതിക്രമമുണ്ടായത്.
രാഘോപൂരിൽ നിന്ന് മത്സരിക്കുന്ന മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും എൽജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും വോട്ട് രേഖപ്പെടുത്തി.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒന്ന് വരെ 42.3 % പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറിന് അവസാനിക്കും. പ്രശ്നബാധിത മേഖലകളിൽ വൈകുന്നേരം അഞ്ചിന് പോളിംഗ് അവസാനിക്കും.
ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിൽ 121 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഗോപാൽഗഞ്ച് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്(46.73%). പാറ്റ്ന ജില്ലയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. (37.72%).
രാഘോപൂരിൽ നിന്ന് മത്സരിക്കുന്ന മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും എൽജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും വോട്ട് രേഖപ്പെടുത്തി.
National
പാറ്റ്ന: ബിഹാറിൽ ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ലാലു പ്രസാദ് യാദവിന്റെ മകനും ജൻശക്തി ജനതാ ദൾ അധ്യക്ഷനുമായ തേജ് പ്രതാപ് യാദവ്. എൻഡിഎയ്ക്കും മഹാസഖ്യത്തിനും അനുകൂലമായ തരംഗമൊന്നും സംസ്ഥാനത്തില്ലെന്നും തേജ് പ്രതാപ് പറഞ്ഞു. പാറ്റ്നയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മഹുവ മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയായ തേജ് പ്രതാപ്.
"മഹുവയിലും സംസ്ഥാനത്തും കടുത്ത മത്സരമാണ്. ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ അവർ തെരഞ്ഞെടുക്കും. അത് ആരാണെന്ന് നവംബർ 14ന് അറിയാം. അതുവരെ കാത്തിരിക്കണം.'-തേജ് പ്രതാപ് യാദവ് പറഞ്ഞു.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആയ ആർജെഡി നേതാവ് തേജസ്വി യാദവിന്റെ സഹാദരൻ കൂടിയാണ് തേജ് പ്രതാപ്. ആർജെഡി പ്രവർത്തകനായിരുന്ന തേജ് പ്രതാപിനെ ഈ വർഷമാദ്യം പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്നാണ് തേജ് പ്രതാപ് ജൻശക്തി ജനതാ ദൾ പാർട്ടി രൂപീകരിച്ചത്.
ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും.14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.18 ജില്ലകളിൽ നിന്നുള്ള 121 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 1,314 സ്ഥാനാര്ഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുള്ളത്. രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. വൈകുന്നേരം ആറിന് പോളിംഗ് അവസാനിക്കും.
തേജസ്വി യാദവ്, സാമ്രാട്ട് ചൗധരി, തേജ് പ്രതാപ് യാദവ്, മിതാലി താക്കൂര് അടക്കമുള്ളവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. 3.75 കോടി കോടി വോട്ടർമാരാണ് വിധിയെഴുതുക.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കളത്തില് ഇറക്കിയായിരുന്നു എന്ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്. മഹാസഖ്യത്തിനായി രാഹുല് ഗാന്ധിയും പ്രചാരണത്തിനിറങ്ങിയിരുന്നു. മോദി-രാഹുല് വാക്പോര് തെരഞ്ഞെടുപ്പ് പ്രചാരണത്തില് ഉടനീളം തെളിഞ്ഞുനിന്നിരുന്നു.
രാഹുല് ഗാന്ധിയേയും തേജസ്വി യാദവിനെയും ലക്ഷ്യംവച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണങ്ങള്. രാഹുലും തേജസ്വിയും കോടികളുടെ അഴിമതി നടത്തിയതായി മോദി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില് രണ്ട് രാജകുമാരന്മാര് കറങ്ങി നടക്കുകയാണെന്നും മോദി പരിഹസിച്ചിരുന്നു.
രാഹുല് ഗാന്ധി ഛഠ് പൂജയെ അപമാനിച്ചു എന്നായിരുന്നു മോദിയുടെ മറ്റൊരു ആരോപണം. വോട്ട് മോഷണം അടക്കമുള്ള ആരോപണങ്ങള് ഉയര്ത്തിയായിരുന്നു രാഹുലിന്റെ പ്രചാരണം. ഒരുഘട്ടത്തില് മോദി വ്യാജഡിഗ്രിക്കരനാണെന്നും രാഹുല് പറഞ്ഞിരുന്നു. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.