ചെറുതോണി: സ്കൂൾകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിവന്ന സ്കൂൾ വാഹനങ്ങളുടെ പ്രത്യേക പരിശോധന പൂർത്തിയായതായി ഇടുക്കി ആർടിഒ അറിയിച്ചു. കഴിഞ്ഞ 20നാണ് പരിശോധന ആരംഭിച്ചത്. സുരക്ഷയുടെ ഭാഗമായി സ്കൂൾ ബസ് ഡ്രൈവർമാർക്കും സ്കൂൾ ബസ് ആയമാർക്കും പ്രത്യേക പരിശീലന ക്ലാസും നൽകി.
കഞ്ഞിക്കുഴി, പുളിയന്മല, കട്ടപ്പന, രാജമുടി, പാറത്തോട് തുടങ്ങിയ കേന്ദ്രങ്ങളിലായി 212 സ്കൂൾ വാഹനങ്ങൾ പരിശോധിച്ചതിൽ 25 വാഹനങ്ങൾക്ക് ന്യൂനതകൾ കണ്ടെത്തി. കുറവുകൾ പരിഹരിച്ച് വാഹനങ്ങൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുന്ന മുറയ്ക്ക് അവയ്ക്ക് ഫിറ്റ്നസ് നല്കും. ഫിറ്റ്നസ് നേടി മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റിക്കർ പതിക്കാത്ത സ്കൂൾ വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു.
അധ്യയന വർഷം മുഴുവൻ നിരത്തുകളിൽ പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്ന സ്കൂൾ വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഇടുക്കി ആർടിഒ പി.എം. ഷെബീർ, ജോയിന്റ് ആടിഒ പി.എ. സമീർ എന്നിവർ പറഞ്ഞു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജിൻസ് ജോർജ്, എൽദോസ് വർഗീസ്, എഎംവിഐമാരായ നിബു ജോൺ, സമിയുള്ള, മുരളീധരൻപിള്ള തുടങ്ങിയവർ സ്കൂൾ വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകി.