District News
കൊഴിഞ്ഞാമ്പാറ: വാളറയിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ കോൺക്രീറ്റ് ബണ്ടിലിടിച്ച് യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു.
മാധ്യമം ദിനപത്രത്തിന്റെ കൊല്ലങ്കോട് ലേഖകൻ മണലിപ്പാടം സാദിഖ് (50), ഭാര്യ നുസ്രത്ത് (45), സാദിഖിന്റെ സഹോദരൻ മുഹമ്മദ് അമീറുള്ള (55) ഇദ്ദേഹത്തിന്റെ ഭാര്യ മൈമൂന (48), ഹസ്രത്ത് ബീവി (85) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 10 ന് വാളറയിൽ എതിരേവന്ന ബൈക്കിൽ ഇടിക്കുന്നതൊഴിവാക്കാൻ വെട്ടിച്ചപ്പോഴാണ് കാർ നിയന്ത്രണം വിട്ടത്. സാദിഖിനു മുഖത്തും ഭാര്യ നുസ്രത്തിന് തലയിലും അമ്മ ഹസ്റത്ത് ബീവിക്ക് ശരീരത്തിൽ എട്ടുഭാഗത്തുമാണ് പരിക്കേറ്റത്.
സാദിഖിനേയും അമ്മയേയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു മൂന്നുപേരെയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കൊല്ലങ്കോട്ട്നിന്നും കോയമ്പത്തൂരിൽ നടക്കുന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം നടന്നത്.
NRI
ലൂസിയാന: മാൾ ഓഫ് ലൂസിയാനയിലുണ്ടായ വെടിവയ്പിൽ 17 വയസുകാരൻ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.22ഓടെ മാളിലെ ഫുഡ് കോർട്ടിലായിരുന്നു സംഭവം.
രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്ന് പോലീസ് ചീഫ് ടി.ജെ. മോഴ്സ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ വെടിവയ്പ് നടത്തിയ പ്രധാന പ്രതിക്കായി തെരച്ചിൽ തുടരുകയാണ്.
പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായുണ്ടായ വെടിവയ്പിൽ അവിടെയുണ്ടായിരുന്ന നിരപരാധികളായ മറ്റു ചിലർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രികളിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർഥിച്ചു.
District News
തൊടുപുഴ: സ്ഥിരം അപകടമേഖലയായ തൊടുപുഴ-പാലാ റോഡിലെ നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ വീണ്ടും അപകടം. ഓട്ടത്തിനിടെ കാറിനു പിന്നില്‍ ലോറിയിടിച്ച് ഇരുവാഹനങ്ങളും 35 അടി താഴ്ചയിലേക്കു മറിഞ്ഞ് നാല് എംജി യൂണിവഴ്സിറ്റി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ പരിക്ക് സാരമുള്ളതാണ്. പാലാ ഭാഗത്തുനിന്നു വന്ന ലോറി വളവില്‍ നിയന്ത്രണംവിട്ടതിനെത്തുടര്‍ന്ന് മുന്പില് പോകുകയായിരുന്ന കാറിലിടിച്ച് രണ്ടു വാഹനങ്ങളും താഴേക്ക് പതിക്കുകയായിരുന്നെന്നു ദൃക്സാക്ഷികള്‍ പറയുന്നു.
ഇന്നലെ വൈകുന്നേരം 6.15നായിരുന്നു അപകടം. എംജി യൂണിവഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാര്‍മാരായ കോലാനി ഇലവുംതടത്തില്‍ ഇ.കെ. സജീവ് (54), അമയപ്ര തുരുത്തിപ്പള്ളില്‍ ജിന്സണ് (53), യൂണിവേഴ്സിറ്റി ജീവനക്കാരായ ഏഴല്ലൂര്‍ സ്വദേശിനി സിമി (32), ചിത്തിരപുരം സ്വദേശിനി ബിഞ്ചുമോള് തോമസ് (29) എന്നിവരാണ് കാറിലുണ്ടായിരുന്നത്. നാലു പേരും കോട്ടയത്തുനിന്നു ജോലികഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
ലോറിയില്‍ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി ജയകുമാര്‍ മാത്രമാണുണ്ടായിരുന്നത്. പരിക്കേറ്റ അഞ്ചു പേരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബിഞ്ചുമോള് ഗര്‍ഭിണിയാണ്. ഇവരെ സാരമായ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
അപകടത്തിൽ കാറും ലോറിയും പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും തെരഞ്ഞെടുപ്പ് അനുബന്ധ പരിശോധനകള്‍ക്കായി നെല്ലാപ്പാറയില്‍ സ്പെഷല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘവുമാണ് അപകടസ്ഥലത്ത് ആദ്യമെത്തിയത്. തൊട്ടുപിന്നാലെ സിഐ മഹേഷ് പിള്ളയുടെ നേതൃത്വത്തില്‍ കരിങ്കുന്നം പോലീസും തൊടുപുഴ ഫയര്‍ ആൻഡ് റെസ്ക്യു ഓഫീസര്‍ ടി.എച്ച്. സാദിഖ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ സി.എസ്. എബി എന്നിവരുടെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേനയും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും വാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്.
നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായി മാറിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ നവംബറില്‍ ഇതേ സ്ഥലത്ത് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു.
അന്നു തകര്‍ന്ന ക്രാഷ് ബാരിയര്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഇതിനു പിന്നാലെ നിരവധി അപകടങ്ങള്‍ മേഖലയില്‍ നടന്നു. ഇവിടെ റിബണ്‍ കെട്ടിവച്ചതു മാത്രമാണ് ഏക സുരക്ഷാ സംവിധാനം.
National
ബുലന്ദ്ഷഹർ: ചാർജ് ചെയ്തുകൊണ്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞുൾപ്പെടെ അഞ്ചു പേർക്കു പരിക്കേറ്റു. ഖുർജ നഗറിലെ നെഹ്റുപുരിൽ ഇന്നലെയായിരുന്നു സംഭവം. പോലീസ് എത്തിയാണ് കുടുംബാംഗങ്ങളെ ആശുപത്രിയിലെത്തിച്ചത്.
District News
പേയാട് : മലയിൻകീഴ് -കാട്ടാക്കട റോഡിൽ ഇരട്ടക്കലുങ്കിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് അഞ്ചുപേർക്കു പരിക്ക്. ഓട്ടോറിക്ഷ കാട്ടാക്കട ഭാഗത്തേക്ക് പോവുകയായിരുന്നു. റസൽപുരം സ്വദേശി നിഷ (42), പെരുകാവ് സ്വദേശികളായ ലക്ഷ്മി (30), മനീഷ് (38), മണ്ഡപത്തിൻകടവ് സ്വദേശി ഷീല (52) എന്നിവർക്കു ഗുരുതരപരിക്കേറ്റു. ഇവരെ മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർ നെയ്യാർ ഡാം സ്വദേശി മോഹനൻ (62), വീരണകാവ് സ്വദേശി സന്തോഷ് (40) എന്നിവർക്ക് നിസാരപരിക്കുണ്ട്.