തൃശൂർ: എംബിബിഎസ് ഒന്നാംവർഷ പരീക്ഷ പാസാകാൻ വിദ്യാർഥികൾക്ക് ഒരു അധിക അവസരംകൂടി അനുവദിച്ചു ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ഉത്തരവിറക്കി.
പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ 27ന് ആരംഭിക്കാനിരുന്ന ഒന്നാംവർഷ എംബിബിഎസ് സപ്ലിമെന്ററി പരീക്ഷകൾ നവംബർ ഒന്പതിലേക്കു മാറ്റിയതായി കേരള ആരോഗ്യശാസ്ത്ര സർവകലാശാലാ വിസി പ്രഫ. ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു.
2019 മുതൽ ഒന്നാംവർഷ പരീക്ഷ പാസാകാൻ നാലു വർഷത്തിനുള്ളിൽ നാല് അവസരങ്ങൾ മാത്രമാണു വിദ്യാർഥികൾക്കു ലഭിച്ചിരുന്നത്. പുതിയ ഉത്തരവോടെ അവസരങ്ങളുടെ എണ്ണം അഞ്ചാകും. എംബിബിഎസ് പഠനവും ഇന്റേൺഷിപ്പും ഉൾപ്പടെയുള്ള കോഴ്സ് പൂർത്തിയാകാനുള്ള ആകെ കാലാവധി പത്തുവർഷമായി തുടരും.
2019 പ്രവേശനബാച്ച് മുതലുള്ള വിദ്യാർഥികൾക്കു പുതിയ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് 2019, 2020 പ്രവേശന ബാച്ചുകളിലെ വിദ്യാർഥികൾക്കു നേരത്തേ എൻഎംസി അഞ്ചാമത് ഒരു അധിക മെഴ്സി ചാൻസ് അനുവദിച്ചിരുന്നു.