ചങ്ങനാശേരി: ജോലി ചെയ്തിട്ടും അഞ്ചുവര്‍ഷത്തെ ശമ്പളം ലഭിക്കാതെ സംസ്ഥാനത്തെ മൂവായിരത്തോളം നോഷണല്‍ അധ്യാപകർ. ജോലി ചെയ്ത കാലത്തെ വേതനത്തിനായി ഇവർ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി.
1979നുശേഷം ആരംഭിച്ചതോ അപ്ഗ്രേഡ് ചെയ്യപ്പെട്ടതോ ആയ പുതിയ സ്കൂളുകളില്‍ 2016 മുതല്‍ 2021 വരെ സംരക്ഷിത അധ്യാപകരെ നിയമിച്ചില്ലെന്ന കാരണത്താലും അധിക തസ്തികകളില്‍ 1:1 അനുപാതം പാലിക്കപ്പെട്ടിട്ടില്ലെന്ന കാരണത്താലുമാണ് 2016 മുതല്‍ 2021 വരെ നിയമിതരായ അധ്യാപകര്‍ക്കു ജോലി ചെയ്ത അഞ്ചുവര്‍ഷത്തെ ശമ്പളം നിഷേധിക്കപ്പെട്ടിരിക്കുന്നത്.
2021 ഫെബ്രുവരി ആറിലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം അധിക തസ്തികകളില്‍ 1:1 അനുപാതം പാലിച്ചുകൊള്ളാമെന്നും പുതിയ സ്കൂളുകളില്‍ ഒരു തസ്തിക സംരക്ഷിത അധ്യാപകര്‍ക്കായി വിട്ടുകൊടുത്തുകൊള്ളാമെന്നും മാനേജ്മെന്റുകള്‍ അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2016 മുതല്‍ 2021 വരെ നിയമിതരായ അധ്യാപകര്‍ക്കു നിയമനാംഗീകാരം ലഭിച്ചത്. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് അന്നത്തെ സര്‍ക്കാര്‍ ഈ അധ്യാപകര്‍ക്കു ശമ്പളവും മറ്റാനുകൂല്യങ്ങളും നിഷേധിച്ചത്. പിന്നീട് പലതവണ ഈ അധ്യാപകര്‍ സര്‍ക്കാരിനെയും കോടതിയെയും സമീപിച്ചിരുന്നു.
കണക്കു പ്രകാരം ഈ തസ്തികയിലുള്ള ഒരു അധ്യാപകനു ശരാശരി ശമ്പളവും മറ്റാനുകൂല്യങ്ങളുമായി എട്ടുമുതല്‍ പത്തു ലക്ഷം രൂപവരെ ലഭിക്കാവുന്നതാണ്. ഇക്കാലയളവില്‍ ഒരു രൂപപോലും ശമ്പളവും ആനുകൂല്യങ്ങളും വാങ്ങാതെ കൈയിലെ പണം ചെലവഴിച്ചാണ് ഈ അധ്യാപകര്‍ സേവനം ചെയ്തത്. നാഷണല്‍ പെന്ഷന് സ്കീമിലേക്ക് അധ്യാപകരുടെയും സര്‍ക്കാരിന്റെയും വിഹിതവും ഇക്കാലയളവില്‍ അടച്ചിട്ടില്ല. ഇക്കാലത്തെ സര്‍വീസ് പരിഗണിക്കുമെങ്കിലും പെന്ഷന് കിട്ടുമോയെന്ന ആശങ്കയും ഈ വിഭാഗം അധ്യാപകര്‍ക്കുണ്ട്.
സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാനേജര്‍മാര്‍ സത്യപ്രസ്താവന നല്‍കുകയും പിന്നീട് സംരക്ഷിത അധ്യാപകരെ നിയമിക്കുകയും ചെയ്തിട്ടും നോഷണല്‍ കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം വൈകുന്നത് ഒരു വിഭാഗം അധ്യാപകരെ ദുരിതത്തിലാക്കുകയാണ്.
അതേസമയം, ഇതിനു ശേഷമുള്ള കാലയളവില്‍ വിവിധ തരത്തിലുള്ള തസ്തികകളില്‍ നിയമന അംഗീകാരം ലഭിച്ച അധ്യാപകര്‍ക്ക് നിയമന തീയതി മുതല്‍ നിയമന അംഗീകാരം ലഭിച്ച തീയതി വരെയുള്ള ശന്പളവും ആനുകൂല്യങ്ങളും അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും ഈ അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു.