മാള: കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ - ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളും സ്വർഗപ്രവേശനത്തിന്റെ നൂറാം വാർഷികവും ഇന്നു മുതൽ ജൂൺ 15 വരെ നടക്കും.
ഏഴു വരെയുള്ള നവനാൾദിനങ്ങളിൽ ദിവസവും രാവിലെ 10.30നു ദിവ്യബലി, നൊവേന, വൈകുന്നേരം ആറിനു ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, നേർച്ചഭക്ഷണം എന്നിവ നടക്കും.
ഇന്നു ഹോളിഫാമിലി സന്യാസിനീസമൂഹത്തിന്റെ കേരളത്തിലെ അഞ്ചു പ്രോവിൻസുകളിൽനിന്ന് ആരംഭിക്കുന്ന ദീപശിഖാപ്രയാണം നടക്കും. പാവനാത്മ പ്രോവിൻസിന്റെ പ്രയാണം കല്ലേറ്റുംകര ഇൻഫന്റ് ജീസസ് പള്ളിയിൽനിന്നും നവജ്യോതി പ്രോവിൻസിന്റെ പ്രയാണം ഒളരിക്കര ലിറ്റിൽ ഫ്ലവർ പള്ളിയിൽനിന്നും മേരിയൻ പ്രോവിൻസിന്റെ പ്രയാണം വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളിയിൽനിന്നും ജീവോദയ പ്രോവിൻസിന്റെ പ്രയാണം നെടുവന്നൂർ സെന്റ് മേരീസ് പള്ളിയിൽനിന്നും കൃപാജ്യോതി പ്രോവിൻസിന്റെ പ്രയാണം മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളിയിൽനിന്നും ആരംഭിച്ച് വൈകുന്നേരം 5.30ന് തീർഥാടനകേന്ദ്രത്തിൽ എത്തിച്ചേരും.
5.45ന് ഹൊസൂർ രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ കൊടികയറ്റം നിർവഹിക്കും. തുടർന്ന് ലദീഞ്ഞ്, ദിവ്യബലി, സന്ദേശം, നൊവേന, പ്രദക്ഷിണം, നേർച്ചഭക്ഷണം എന്നിവ നടക്കും.
നാളെ അഖില കേരള ദമ്പതീസംഗമം രാവിലെ 9 .30 മുതൽ ഉച്ചകഴിഞ്ഞു 3.30 വരെ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിൽ നടക്കും.
പ്രധാന തിരുനാൾദിനമായ ജൂൺ എട്ടിനു രാവിലെ ആറിനും ഏഴിനും എട്ടിനും ഉച്ചയ്ക്ക് 12 നും ഉച്ചകഴിഞ്ഞു മൂന്നിനും രാത്രി ഏഴിനും ദിവ്യബലി. ആഘോഷമായ തിരുനാൾകുർബാന രാവിലെ 9.30നു നടക്കും. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനാകും. 100 വൈദികർ സഹകാർമികരാകും. മൂന്നിനുള്ള ദിവ്യബലിയെതുടർന്ന് പ്രദക്ഷിണവും തിരുശേഷിപ്പുവണക്കവും നടക്കും.
നവനാൾദിന തിരുക്കർമങ്ങളിൽ ബിഷപ്പുമാരായ മാർ പോളി കണ്ണൂക്കാടൻ, മാർ പോൾ ആലപ്പാട്ട്, മാർ ബോസ്കോ പുത്തൂർ, മാർ ജോർജ് രാജേന്ദ്രൻ, ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ടോണി നീലങ്കാവിൽ, ഡോ. അംബ്രോസ് പുത്തൻവീട്ടിൽ എന്നിവർ കാർമികരാകും.
തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പത്രസമ്മേളനത്തിൽ തീർഥാടന കേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, ഹോളിഫാമിലി സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, അഡ്മിനിസ്ട്രേറ്ററും ജനറൽ കൺവീനറുമായ സിസ്റ്റർ എൽസി സേവ്യർ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വിനയ, ജനറൽ കൺവീനർ അജീഷ് ചക്കാലമറ്റത്ത് പള്ളൻ എന്നിവർ പറഞ്ഞു.