തീരെ ചെറിയൊരനക്കം പോലും പലരുടെയും വിമാനയാത്രകളെ ഭീതിജനകമാക്കാറുണ്ട്. എന്നാൽ ആയിരക്കണക്കിന് അടി ഉയരത്തിൽ പറക്കുന്നതിനിടെ പെട്ടെന്ന് വിമാനം താഴേക്ക് പതിച്ചാലുണ്ടാകുന്ന അവസ്ഥ ചിന്തിക്കുന്നതിനും അപ്പുറമാണ്.
ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യയുടെ എ320 നിയോ വിമാനത്തിലെ യാത്രക്കാർ കഴിഞ്ഞ ദിവസം നേരിട്ടത് സമാനമായൊരു അടിയന്തര സാഹചര്യത്തെയായിരുന്നു. കടുത്ത ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് വിമാനം പെട്ടെന്ന് 300 മീറ്ററോളം താഴ്ന്നത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.
137 യാത്രക്കാരും എട്ട് ജീവനക്കാരുമടക്കം 145 പേരാണ് ആ സമയം വിമാനത്തിലുണ്ടായിരുന്നത്. വലിയൊരു ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിമാനം പിന്നീട് ഡൽഹിയിൽ സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു.
അടിയന്തര സാഹചര്യത്തിന് പിന്നാലെ വിമാനത്തിനുള്ളിൽ നിന്നുള്ള ഭീതിജനകമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ജീവനക്കാരുടെ പരിഭ്രാന്തരായുള്ള അറിയിപ്പുകളും, ഭയന്നുവിറച്ച് തലയിൽ കൈവെച്ചിരിക്കുന്ന യാത്രക്കാരെയുമാണ് പുറത്തുവന്ന വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
ഉലച്ചിലിന്റെ ആഘാതത്തിൽ കാബിൻ ക്രൂ അംഗമടക്കം പതിനേഴോളം പേർക്ക് പരിക്കേറ്റു. ഇവരിൽ 13 യാത്രക്കാരെയും നാല് ജീവനക്കാരെയും പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർ പിന്നീട് ആശുപത്രി വിട്ടെങ്കിലും പരിക്കേറ്റ ജീവനക്കാർ ചികിത്സയിൽ തുടരുകയാണ്.
സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
സീറ്റ് ബെൽറ്റ് ഇൻഡിക്കേറ്റർ ഓഫാണെങ്കിൽ പോലും യാത്രക്കാർ നിർബന്ധമായും അത് ധരിച്ചിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിമാനം ഉലഞ്ഞപ്പോൾ സീറ്റ് ബെൽറ്റ് ഇടാത്ത ആളുകൾ മുകളിലേക്ക് തെറിച്ചുപോകുന്നതും തലയിടിച്ച് വീഴുന്നതും കണ്ടതായും, ഒരു നിമിഷം ജീവനോടെ തിരിച്ചെത്തില്ലെന്ന് വരെ കരുതിപ്പോയതായും അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.