ഉറങ്ങിക്കിടക്കുന്ന യാത്രികരുടെ ബാഗുകൾ കുത്തിത്തുറന്ന് പണം തട്ടിയെടുക്കുന്ന സംഘങ്ങൾ വിമാനങ്ങളിൽ സജീവമാകുന്നതായി റിപ്പോർട്ട്. അടുത്തിടെ ബാംഗ്കോക്കിലെ ഡോൺ മുയെങ് വിമാനത്താവളത്തിൽ ഇത്തരത്തിൽ മോഷണം നടത്തിയ അൻപത്തൊന്നുകാരനായ ചൈനീസ് പൗരൻ അറസ്റ്റിലായതോടെയാണ് യാത്രികരുടെ സുരക്ഷ വീണ്ടും ചർച്ചയാകുന്നത്.
രണ്ട് ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്തവരുടെ ബാങ്ക് കാർഡുകളാണ് ഇയാൾ കവർന്നത്. വിമാനമിറങ്ങിയാലുടൻ പോർട്ടബിൾ കാർഡ് റീഡറുകൾ ഉപയോഗിച്ച് പണം തട്ടിയെടുക്കുന്നതാണ് ഈ സംഘത്തിന്റെ രീതി.
ഇതിനുപിന്നിൽ വലിയൊരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലിസിന്റെ സംശയം. വിമാനങ്ങളിൽ സാധാരണയായി ലഗേജുകൾ സൂക്ഷിക്കുന്ന ഓവർഹെഡ് കമ്പാർട്ടുമെന്റുകൾ യാത്രികർ ഉറങ്ങുന്ന സമയത്ത് കള്ളന്മാർ ലക്ഷ്യമിടുന്നുണ്ട്.
പഴ്സുകൾ, ക്രെഡിറ്റ് കാർഡുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ സൂക്ഷിക്കുന്നതിൽ യാത്രികർ കടുത്ത ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വിലപിടിപ്പുള്ള വസ്തുക്കളും തിരിച്ചറിയൽ രേഖകളും എപ്പോഴും ശരീരത്തോട് ചേർന്നുനിൽക്കുന്ന പോക്കറ്റുകളിലോ ചെറിയ ബാഗുകളിലോ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
വിമാനത്തിനുള്ളിൽ ഉറങ്ങുമ്പോൾ ലഗേജുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും, സാധ്യമെങ്കിൽ ചെറിയ ബാഗുകൾ സ്വന്തം കാഴ്ചവെട്ടത്തിലോ സീറ്റിനടിയിലോ വയ്ക്കുകയും ചെയ്യേണ്ടതാണ്. യാത്രയ്ക്കിടയിലും ശേഷവും വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.