തിരുവനന്തപുരം: കേരളത്തിന്റെ ദീര്‍ഘകാല ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികളുടെയും പമ്പ് സ്റ്റോറേജ് സംവിധാനങ്ങളുടെയും പ്രായോഗികതയും നടപ്പാക്കലും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ 2026- 27 ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള രൂപരേഖ തയാറാക്കുന്നതിനായുള്ള ‘റി ഇമാജിനിംഗ് കേരളം’ റൗണ്ട് ടേബിള്‍ കോഫറന്‍സില്‍ പുനരുപയോഗ ഊര്ജസ്രോതസുകളെക്കുറിച്ചുള്ള സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം കാരണം സൗരോര്‍ജ-കാറ്റാടി ഊര്‍ജ പദ്ധതികള്‍ വലിയ തോതില്‍ നടപ്പിലാക്കുന്നതില്‍ പരിമിതികളുണ്ട്. ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍, പമ്പ് സ്റ്റോറേജ് സംവിധാനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കമ്യൂണിറ്റി തലത്തിലുള്ള ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങള്‍ എന്നിവ വികസിപ്പിക്കാനുള്ള സാധ്യതകള്‍ സംസ്ഥാനം പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ നിലവിലെ ഊര്‍ജ പ്രതിസന്ധിക്ക് ഏറ്റവും പ്രായോഗികമായ പരിഹാരമെന്ന നിലയില്‍ ഊര്‍ജസംരക്ഷണം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാക്കണമെന്ന് കെഎസ്ഇബി ചെയര്‍മാനും എംഡിയുമായ ഡോ. എം.ജി. രാജമാണിക്യം പറഞ്ഞു. കൂടുതല്‍ ആളുകള്‍ പുരപ്പുറ സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ അളവിനെക്കുറിച്ച് അവര്‍ക്ക് പലപ്പോഴും ധാരണയുണ്ടാകുന്നില്ല. ഉപയോക്താക്കളെ വൈദ്യുതി ഉപയോഗത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനും ഊര്‍ജസംരക്ഷണത്തിന് ജനങ്ങളെ സജ്ജരാക്കുന്നതിനുമുള്ള ഒരു സംവിധാനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ക്ക് വലിയ സാധ്യതയാണുള്ളതെന്നും ഫ്ളോട്ടിംഗ് സോളാര്‍ സംവിധാനങ്ങളിലൂടെ 2000 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള ശേഷി സംസ്ഥാനത്തിനുണ്ടെന്നും വയനാട്ടിലെ ബാണാസുര സാഗര്‍ റിസര്‍വോയറില്‍ ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് അധിഷ്ഠിത ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതിക്ക് നേതൃത്വം നല്കിയ എം.ആര്. നാരായണന് പറഞ്ഞു.
ഇത്തരം ഊര്‍ജപദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ന്ന് സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.