ചെങ്ങന്നൂർ: വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ ജനജീവിതം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട ശുചീകരണ പ്രവർത്തനങ്ങൾക്ക് ചെങ്ങന്നൂർ നഗരസഭ തുടക്കം കുറിച്ചു. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ അത്യാധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
വെള്ളം കയറി കനത്ത അളവിൽ ചെളിയടിഞ്ഞുകൂടിയ കടവുകളും പ്രധാന റോഡുകളും വീണ്ടെടുക്കുന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നതെന്ന് നഗരസഭാ ചെയർപേഴ്സൺ മനീഷ് കീഴാമഠത്തിൽ പറഞ്ഞു.
ഒന്നാം വാർഡിലെ മുണ്ടൻകാവ് പമ്പാനദിയിലുള്ള ഇറപ്പുഴ കടവ്, 10-ാം വാർഡിലെ കുറ്റിയിൽ പള്ളി റോഡ്, 11-ാം വാർഡിലെ കുരിശുപള്ളി റോഡ് എന്നിവിടങ്ങളിലാണ് പ്രാഥമിക ഘട്ടത്തിൽ ശുചീകരണം പൂർത്തിയാക്കിയത്. വരും ദിവസങ്ങളിൽ മറ്റ് വാർഡുകളിലേക്കും ശുചീകരണം വ്യാപിപ്പിക്കും.
ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഷിബു രാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. കുമാരി, കൗൺസിലർമാരായ ലേഖ ജയൻ, ഇന്ദു രാജൻ, ബിജു അലക്സാണ്ടർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി. നിഷ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി. മനോജ്, എൻജിനിയറിംഗ് വിഭാഗം ഓവർസിയർമാരായ അതുല്യ മധു, എസ്. സന്തു എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്.