കോഴിക്കോട്: ഇക്കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് വ്യാപകമായി കൃഷിനാശം സംഭവിച്ച സാഹചര്യത്തില്‍ മണ്ണൊലിപ്പുണ്ടായ സ്ഥലങ്ങളില്‍ വീണ്ടും കൃഷി സാധ്യമാണോ, മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടിട്ടുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ കൃഷി വകുപ്പ്. കൃഷിവകുപ്പ് രൂപവത്കരിച്ച സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഇതടക്കം മറ്റു വിഷയങ്ങളും പഠനവിധേയമാക്കും.
കൃഷിനാശം കണക്കാക്കലും പുനഃകൃഷി ആസൂത്രണം ചെയ്യലും ടാസ്ക് ഫോഴ്സിന്റെ ചുമതലയാണ്. കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി. സുഭാഷ് ചെയര്‍മാനായ സമിതിയില്‍ കൃഷി, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികളും കാര്‍ഷിക സര്‍വകലാശാല വിദഗ്ധരും അംഗങ്ങളാണ്.
മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടോ എന്നറിയാന്‍ ടാസ്ക്ഫോഴ്സ് മണ്ണ് പരിശോധന നടത്തും. ഫലഭൂയിഷ്ഠത തിരിച്ചുപിടിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കും. കര്‍ഷകര്‍ക്ക് ആവശ്യമായ വിത്തുകള്‍, നടീല്‍ വസ്തുക്കള്‍, ഡോളമൈറ്റ്, കുമ്മായം തുടങ്ങിയവ ലഭ്യമാക്കുന്നതിനുള്ള ചെലവുകള്‍ കണക്കാക്കും.
അഗ്രിസ്റ്റാക്ക് ഡാറ്റ മാപ്പിംഗ് തടസങ്ങള്‍ കാരണം വിള ഇന്‍ഷ്വറന്‍സ് നേടാന്‍ കഴിയാത്ത കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിശോധിക്കണമെന്നും ടാസ്ക്ഫോഴ്സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് അര്‍ഹമായ ധനസഹായവും ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭ്യമാക്കുന്നതിനൊപ്പം കൃഷി പുനരാരംഭിക്കുന്നതിനാവശ്യമായ സഹായം നല്‍കുമെന്നും കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.
പ്രാഥമിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 129 കോടിയിലധികം രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് വിലയിരുത്തല്‍.45,000ത്തിലധികം കര്‍ഷകരെയാണ് പ്രകൃതിക്ഷോഭം നേരിട്ടു ബാധിച്ചത്.