ഫ്ലോറിഡ:1976ൽ പതിനാറുകാരിയായ പെൺകുട്ടിയെ വെടിവെച്ചുകൊന്ന കേസിൽ ഫ്ലോറിഡയിൽ ഹരോൾഡ് ജീൻ ലൂക്കാസ് (74) എന്ന പ്രതിയുടെ വധശിക്ഷ സെപ്റ്റംബർ 1നു നടപ്പാക്കി. സ്റ്റാർക്കിന് സമീപമുള്ള ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണിൽ മാരകമായ വിഷം കുത്തിവച്ചാണ് (lethal injection) വധശിക്ഷ നടപ്പിലാക്കിയത്. ഈ വർഷം ഫ്ലോറിഡയിൽ നടപ്പാക്കുന്ന 14ാമത്തെ വധശിക്ഷയാണ്. അമേരിക്കയിൽ ഈ വർഷം ഇതുവരെ ആകെ നടപ്പാക്കിയ 23 വധശിക്ഷകളിൽ പകുതിയോളവും ഫ്ലോറിഡയിലാണ് നടന്നത്.
ഫോർട്ട് മെയ്േഴ്സിന് തെക്ക് ഭാഗത്തുള്ള ബോണിറ്റ സ്പ്രിങ്സിൽ 1976 ഓഗസ്റ്റ് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് 16 കാരിയായ ജിൽ പൈപ്പറിനെ വെടിവെച്ചു കൊലപ്പെടുത്തിയെന്നും, ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ റിച്ചാർഡ് ബേർഡ് ജൂനിയർ (19), ടെറി റൈസ് (17) എന്നിവരെ പരിക്കേൽപ്പിച്ചെന്നുമാണ് ലൂക്കാസിനെതിരെയുള്ള കുറ്റം. പെൺകുട്ടിയുമായി വർഷങ്ങളായി പരിചയമുണ്ടായിരുന്ന ലൂക്കാസ്, മുൻപും വധഭീഷണി മുഴക്കിയിരുന്നതായി ദൃക്സാക്ഷികൾ കോടതിയിൽ മൊഴി നൽകിയിരുന്നു.
1977ലാണ് ലൂക്കാസിന് ആദ്യമായി വധശിക്ഷ വിധിക്കുന്നത്. എന്നാൽ നിയമപരമായ നടപടിക്രമങ്ങളിലെ പിഴവുകൾ കാരണം 1977നും 1990നും ഇടയിൽ അദ്ദേഹത്തിന്റെ വധശിക്ഷ നാല് തവണ റദ്ദാക്കുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തു. ഒടുവിൽ 1990ൽ അന്തിമ വധശിക്ഷ വിധിക്കുകയും, പിന്നീട് നൽകിയ അപ്പീലുകളെല്ലാം പരാജയപ്പെടുകയും ചെയ്തു. ഒരേ കുറ്റത്തിന് അഞ്ച് തവണയാണ് ഇയാൾക്ക് വധശിക്ഷ വിധിക്കപ്പെട്ടത്.
ഗവർണർ റോൺ ഡിസാന്റിസ് വധശിക്ഷാ വാറണ്ടിൽ ഒപ്പുവച്ചതിനെ തുടർന്ന് ലൂക്കാസ് അന്തിമ അപ്പീലുകളെല്ലാം പിൻവലിച്ചിരുന്നു. ഞാൻ 50 വർഷമായി ഡെത്ത് റോയിലാണ്, ഇത് ഇനി നീട്ടിക്കൊണ്ടുപോകാൻ താൽപ്പര്യമില്ല... എത്രയും പെട്ടെന്ന് തീരുന്നുവോ അത്രയും എനിക്ക് സന്തോഷം. ഞാൻ തളർന്നു,ന്ധ എന്ന് അദ്ദേഹം ജഡ്ജിയോട് വ്യക്തമാക്കിയിരുന്നു. തുടർന്ന് മൂന്ന് മരുന്നുകൾ അടങ്ങിയ വിഷച്ചൂചി നൽകിയ അദ്ദേഹത്തിന്റെ മരണം വൈകുന്നേരം 6:18ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഓഗസ്റ്റ് 18, 2026ന് ശേഷം അമേരിക്കയിൽ നടക്കുന്ന ആദ്യ വധശിക്ഷയാണിത്. ഗവർണർ റോൺ ഡിസാന്റിസിന്റെ കർശന വധശിക്ഷാ നയത്തിന്റെ ഭാഗമായി സെപ്റ്റംബർ മാസത്തിൽ ഫ്ലോറിഡയിൽ മറ്റ് രണ്ട് വധശിക്ഷകൾ കൂടി നിശ്ചയിച്ചിട്ടുണ്ട്. 2026ൽ അമേരിക്കയിലെ മറ്റ് എല്ലാ സംസ്ഥാനങ്ങളും കൂടി നടപ്പാക്കിയതിനേക്കാൾ കൂടുതൽ വധശിക്ഷകളാണ് ഫ്ലോറിഡ സംസ്ഥാനത്ത് മാത്രം ഇതുവരെ നടന്നിട്ടുള്ളത്.