ഫ്ലോറിഡ: അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡയിലെ ചരിത്രത്തിൽ ഏറ്റവും പ്രായം കൂടിയ തടവുകാരിലൊരാളായ ഡെന്നിസ് സോച്ചറിന്റെ (74) വധശിക്ഷ നടപ്പാക്കി. 1982ൽ പട്രീഷ്യ ഗിഫോർഡ് (18) എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇയാൾക്ക് വിഷം കുത്തിവെച്ചാണ് ശിക്ഷ നടപ്പാക്കിയത്.
സ്റ്റാർക്കിന് അടുത്തുള്ള ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ വെച്ച്, മാരകമായ മൂന്ന് മരുന്നുകൾ അടങ്ങിയ കുത്തിവയ്പ്പ് നൽകിയതിനെത്തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം 6:16ന് സോച്ചോർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഫ്ലോറിഡയിൽ ഈ വർഷം നടക്കുന്ന പത്താമത്തെ വധശിക്ഷയാണിത്.
യുഎസിൽ വധശിക്ഷ കാത്ത് കഴിയുന്ന പ്രായമായ തടവുകാരുടെ എണ്ണം വർദ്ധിച്ചുവരുന്നതിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ സംഭവം. വരും ദിവസങ്ങളിൽ കൂടുതൽ പ്രായം ചെന്ന മറ്റ് രണ്ട് തടവുകാരുടെ വധശിക്ഷയും ഫ്ലോറിഡയിൽ നടപ്പാക്കാൻ നിശ്ചയിച്ചിട്ടുണ്ടെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.