ആലപ്പുഴ: കഞ്ഞിക്കുഴിയിൽ ഓണം പുഷ്പോത്സവത്തിനു തുടക്കമായി. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ വി.പി. സുനിലിന്റെ പൂ പാടത്ത് ജില്ലാ കളക്ടർ ഷാജി വി. നായർ പുഷ്പോത്സവം ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴിയിലെ കർഷകൻ വി.പി. സുനിൽ മായിത്തറയിൽ മൂന്നേക്കർ സ്ഥലത്താണ് ഓണവിപണിയും പ്രദർശനവും ലക്ഷ്യമാക്കി പൂന്തോട്ടം സജ്ജമാക്കിയിട്ടുള്ളത്.
അഞ്ചു കളറുകളിലായി ഇരുപതിനായിരം ചെണ്ടു മുല്ലയും പതിനായിരം വാടാമുല്ലയും ചേർന്ന വിശാലമായ തോട്ടം കാഴ്ചയ്ക്ക് ആനന്ദം പകരുന്നതാണ്. അത്തം മുതൽ തിരുവോണം വരെ ദിവസവും വിളവെടുപ്പ് ഉണ്ടാവും. ആദ്യത്തെ തോട്ടം കാലിയാകുമ്പോൾ അടുത്ത തോട്ടത്തിൽ പൂക്കൾ വിരിയുന്ന തരത്തിലാണ് കൃഷി.
കഞ്ഞിക്കുഴി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്താൽ ക്ഷേത്രങ്ങൾ ഉൾപ്പെടെ പൂ കൃഷി നടത്തിയിട്ടുണ്ട്. കർഷകർക്കു പുറമേ കുടുംബശ്രീകളും സ്വാശ്രയ സംഘങ്ങളും പൂ കൃഷി നടത്തുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ലജിതാ തിലകൻ, കൃഷി ഓഫീസർ റോസ്മി ജോർജ്, പഞ്ചായത്തംഗങ്ങളായ പി. മുരളി, കെ.വി. വിജിമോൾ, എം.കെ. സജി, പി.എസ്. ശ്രീലത, അസി. കൃഷി ഓഫീസർ എസ്.ഡി. അനില, മുൻ കൃഷി ഡയറക്ടർ സുജ ഈപ്പൻ എന്നിവർ പ്രസംഗിച്ചു. ഗുണമേൻമയേറിയ പൂക്കൾ മിതമായ വിലയിൽ ഇവിടെ വില്പനയുണ്ട്.