ബീജിംഗ്: ആധുനിക ഡിസൈനിന്റെ ഭാഗമായി വാഹനങ്ങളിൽ വ്യാപകമായ ഫ്ലഷ്-ടൈപ്പ് ഇലക്ട്രോണിക് ഡോർ ഹാൻഡിലുകൾ സുരക്ഷാ ആശങ്ക ഉയർത്തുന്നു. അടിയന്തര സാഹചര്യങ്ങളിലും അപകടങ്ങളിലും വാഹനത്തിന്റെ ഡോർ തുറക്കാൻ കഴിയാതെ യാത്രക്കാർ അകത്ത് കുടുങ്ങാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് 43 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കാനുള്ള നടപടികൾ ആരംഭിച്ചു.
ടെസ്ല ഉൾപ്പെടെയുള്ള പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളാണ് തിരിച്ചുവിളിക്കൽ നടപടിയുടെ ഭാഗമായത്. ചൈനീസ് വിപണിയിലെ പ്രമുഖ കമ്പനികളായ ഷഓമി, ലീപ്പ് മോട്ടോർ, എക്സ്പെംഗ്, ഗീലി എന്നിവയും വലിയ തോതിലുള്ള വാഹന തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്.
വാഹനത്തിന്റെ ബോഡിയോട് ചേർന്നുനിൽക്കുന്ന തരത്തിലാണ് ഫ്ലഷ് ഡോർ ഹാൻഡിലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാറിന്റെ ആകർഷകമായ രൂപത്തിനൊപ്പം വായു പ്രതിരോധം കുറയ്ക്കാനും ഈ ഡിസൈൻ സഹായിച്ചിരുന്നു. ഡ്രൈവർ വാഹനത്തിന് സമീപമെത്തുമ്പോൾ ഹാൻഡിൽ പുറത്തേക്ക് നീളുന്ന രീതിയിലാണ് പല മോഡലുകളുടെയും പ്രവർത്തനം.
എന്നാൽ പരമ്പരാഗത മെക്കാനിക്കൽ ഹാൻഡിലുകൾക്ക് പകരം ഇലക്ട്രോണിക് സ്വിച്ചുകളെയും ബട്ടണുകളെയും ആശ്രയിക്കുന്നതാണ് പ്രധാന സുരക്ഷാ ആശങ്ക. അപകടത്തിൽ വൈദ്യുതി ബന്ധം നഷ്ടപ്പെടുകയോ ബാറ്ററി പ്രവർത്തനരഹിതമാകുകയോ ചെയ്താൽ ഇലക്ട്രോണിക് സംവിധാനം വഴി ഡോർ തുറക്കാൻ സാധിക്കാതെ വന്നേക്കാം.
ഇത്തരം സാഹചര്യങ്ങൾക്കായി വാഹനങ്ങളിൽ മാനുവൽ റിലീസ് സംവിധാനം നൽകിയിട്ടുണ്ടെങ്കിലും അത് എവിടെയാണെന്നും എങ്ങനെ പ്രവർത്തിപ്പിക്കണമെന്നും യാത്രക്കാർക്ക് വ്യക്തമായി അറിയണമെന്നില്ല. ചില വാഹനങ്ങളിൽ മാനുവൽ റിലീസ് ലിവറുകൾ ഡോർ പോക്കറ്റുകളിലോ പാനലുകൾക്ക് അടിയിലോയാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇവയുടെ സ്ഥാനം വ്യക്തമാക്കുന്ന മുന്നറിയിപ്പുകളോ സൂചനകളോ പല വാഹനങ്ങളിലും പര്യാപ്തമല്ലെന്നാണ് സെന്റർ ഫോർ ഓട്ടോ സേഫ്റ്റി എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ ബ്രൂക്സ് ചൂണ്ടിക്കാട്ടുന്നത്. ആധുനിക രൂപകൽപ്പനയും സൗകര്യവും ലക്ഷ്യമിട്ട് അവതരിപ്പിച്ച ഫ്ലഷ് ഡോർ ഹാൻഡിലുകൾ അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷാ വെല്ലുവിളിയാകുന്നുവെന്ന ആശങ്കയാണ് ഇതോടെ ശക്തമാകുന്നത്.