ന്യൂഡൽഹി: ദുബായിൽ നിന്ന് ടെൽ അവീവിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ സഹപൈലറ്റിന്റെ അക്രമത്തെ ചെറുത്ത് 180-ലധികം ജീവനുകൾ രക്ഷിച്ച മലയാളി സാന്നിധ്യമുള്ള ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. പരിക്കേറ്റിട്ടും തളരാതെ നടത്തിയ അസാധാരണ രക്ഷാപ്രവർത്തനത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും വേഗത്തിലുള്ള രോഗമുക്തി ആശംസിക്കുകയും ചെയ്തു.
വിമാനത്തിനുള്ളിൽ നേരിടേണ്ടിവന്ന ഭീകരമായ അനുഭവങ്ങളും, പ്രതിസന്ധി ഘട്ടത്തിൽ തന്നെ ധൈര്യപ്പെടുത്തിയത് എന്തെല്ലാമാണെന്നും സ്മിത് മച്ചാർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ആക്രമണത്തിനിടയിലും തന്റെ ജീവനേക്കാൾ ഉപരിയായി യാത്രക്കാരുടെ ജീവനാണ് വില കൽപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സ്മിത് മച്ചാറിന്റെ കുടുംബാംഗങ്ങളുമായും പ്രധാനമന്ത്രി സംസാരിക്കുകയും രാജ്യത്തിന്റെ അഭിമാനമാണ് അദ്ദേഹമെന്ന് വ്യക്തമാക്കുകയും ചെയ്തു.