ചെങ്ങന്നൂർ: രുചിയുടെയും ആഘോഷങ്ങളുടെയും അതിർവരമ്പുകൾക്കപ്പുറം സഹജീവികളോടുള്ള സ്നേഹവും കരുതലും പങ്കുവെച്ച് ചെറിയനാട് സെന്റ് ജോസഫ് സ്കൂളിൽ രുചിമേള സംഘടിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുന്നതോടൊപ്പം കാരുണ്യത്തിന്റെ പൂക്കൾ ചൊരിയുക എന്ന മഹത്തായ ലക്ഷ്യമാണ് മേളയിലൂടെ സാക്ഷാത്കരിച്ചത്. ചെങ്ങന്നൂർ ഫുഡ് സേഫ്റ്റി ഓഫീസർ ആർ. ശരണ്യ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ.ഡോ. ആശാ ബെന്നൻ അധ്യക്ഷത വഹിച്ചു. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാരി മധു, വാർഡ് മെംമ്പർ ഉഷ സതീഷ്, സ്കൂൾ രക്ഷാകർതൃ പ്രതിനിധി വി.ആർ. വിനോദ്, കുമാരി ആര്യ രാജേഷ്, കുമാരി അക്ഷയ രേണു എന്നിവർ പ്രസംഗിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും കൂട്ടായ പരിശ്രമത്തിൽ വിവിധതരം നാടൻ വിഭവങ്ങളും ആരോഗ്യകരമായ പാനീയങ്ങളും മേളയിൽ അണിനിരന്നു.