തിരുവനന്തപുരം: വിഴിഞ്ഞത്ത് ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ മറ്റൊരു ജീവനക്കാരന്‍റെ ക്രൂരമായ ആക്രമണം. കോവളം കെഎസ് റോഡ് ചെറുകോണം ഷാനു നിവാസിൽ ഷാനുവിനാണ് (37) ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തിൽ കല്ലുവെട്ടാൻകുഴി സ്വദേശി അനിൽകുമാറിനെതിരെ പൊലിസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി വിഴിഞ്ഞം തിയേറ്റർ ജംഗ്ഷനിലെ ഹോട്ടലിന് മുന്നിലായിരുന്നു സംഭവം.
ഷാനുവിന്‍റെ ഉടമസ്ഥതയിലുള്ള കട പ്രതിക്ക് വിൽക്കാത്തതിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലിസ് വ്യക്തമാക്കി. രാത്രി ഭക്ഷണം ഓർഡർ എടുക്കാനെത്തിയപ്പോഴാണ് പ്രതി സ്ഥലത്തെത്തിയത്. തുടർന്ന് അസഭ്യം വിളിക്കുകയും കൈവശമുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിന് നേരെ ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടയിൽ ആയുധം തലയുടെ പുറകിൽ കൊണ്ട് പരിക്കേറ്റു. തുടർന്ന് പ്രതി വീണ്ടും മുഖത്തിന് നേരെ ആക്രമിച്ചതിനെ തുടർന്ന് ഷാനുവിന്‍റെ മൂക്കിന് സമീപത്തും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.