പഴയ രുചികളിൽ പുതിയ പരീക്ഷണങ്ങൾ നടത്തി അമ്പരപ്പിക്കുന്നത് കോൽക്കത്തയിലെ തെരുവ് ഭക്ഷണ സംസ്കാരത്തിന്റെ ഒരു പ്രത്യേകതയാണ്. എന്നാൽ ഈ ശൈലിയെ തീർത്തും വിചിത്രമായ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് നഗരത്തിലെ ഒരു വഴിയോരക്കച്ചവടക്കാരി.
പ്രശസ്ത എനർജി ഡ്രിങ്കായ 'സ്റ്റിംഗ്' ഉപയോഗിച്ച് ഇവർ തയ്യാറാക്കിയ സ്ക്രാംബിൾഡ് എഗ് ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വലിയ ചർച്ചയായിരിക്കുന്നത്. കോൽക്കത്ത സന്ദർശിക്കാനെത്തിയ ഒരു കൊറിയൻ ഫുഡ് വ്ലോഗറിലൂടെയാണ് ഈ വേറിട്ട പരീക്ഷണം പുറംലോകമറിഞ്ഞത്.
വ്ലോഗർ നൽകിയ സ്റ്റിംഗ് കുപ്പി നന്നായി കുലുക്കി ചൂടായ പാനിലേക്ക് മുഴുവനായി ഒഴിച്ച ശേഷമാണ് കച്ചവടക്കാരി പാചകം ആരംഭിക്കുന്നത്. എനർജി ഡ്രിങ്ക് തിളയ്ക്കുന്നതിലേക്ക് അഞ്ച് മുട്ടകൾ പൊട്ടിച്ചൊഴിക്കുകയും, തുടർന്ന് സവാള, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ചേർത്ത് വഴറ്റിയെടുക്കുകയുമായിരുന്നു.
മധുരവും ഗ്യാസുമുള്ള എനർജി ഡ്രിങ്കും മുട്ടയും ചേർന്നുള്ള ഈ അസാധാരണ വിഭവത്തിന് ഏകദേശം 383 രൂപയാണ് ഈടാക്കിയത്. കേട്ടുകേൾവിയില്ലാത്ത ഈ കോമ്പിനേഷൻ കണ്ട് വ്ലോഗർ അമ്പരന്നെങ്കിലും സംഭവം ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.
വീഡിയോ തരംഗമായതോടെ സമ്മിശ്രവും രസകരവുമായ പ്രതികരണങ്ങളാണ് ആളുകളിൽ നിന്ന് ഉയർന്നുവരുന്നത്. കോൽക്കത്തയിൽ ലഭ്യമായ നല്ല വിഭവങ്ങൾ ഒഴിവാക്കി ഇത്തരം പരീക്ഷണങ്ങൾ കഴിക്കരുതെന്ന് പ്രാദേശികവാസികൾ മുന്നറിയിപ്പ് നൽകുമ്പോൾ, ഇത് കണ്ടിട്ട് തന്നെ പേടിയാകുന്നു എന്നാണ് മറ്റു ചിലരുടെ കമന്റുകൾ.
എനർജി ഡ്രിങ്ക് ചേർത്തതിന് പുറമേ മുട്ട കല്ലുപോലെ കട്ടിയാകും വരെ വേവിച്ചെടുത്തു എന്ന വിമർശനവും ഉയരുന്നുണ്ട്. എന്തായാലും ഈ അപൂർവ്വ രുചി കൂട്ടുകെട്ട് ഭക്ഷണപ്രേമികൾക്കിടയിൽ വലിയ കൗതുകത്തിനും ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്.