തൃശൂർ: ഹോം ഗാലറിയിൽ ഇരന്പിയാർക്കുന്ന ‘ബ്ലൂ ഗഡീസ്’ ആരാധകപ്പടയ്ക്കുമുന്നിൽ മായാജാലം തീർക്കാൻ മാജിക് എഫ്സിയും മാജിക്കിന്റെ പ്രതിരോധപ്പൂട്ട് തകർക്കാൻ മലപ്പുറം എഫ്സിയും ഇന്ന് സൂപ്പർ ലീഗ് കേരള ഫുട്ബോൾ സെമിഫൈനലിൽ പോരിനിറങ്ങും. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
ലീഗ് റൗണ്ടിൽ രണ്ടാമതു ഫിനിഷ് ചെയ്ത തൃശൂരിന്റെ പ്രതിരോധനിരയും മൂന്നാംസ്ഥാനക്കാരായി എത്തുന്ന മലപ്പുറത്തിന്റെ മുന്നേറ്റനിരയും തമ്മിലാകും ഇന്നു പോരാട്ടം.
റഷ്യക്കാരൻ ഹെഡ് കോച്ച് ആന്ദ്രെ ചെർണിഷോവിന്റെ പ്രതിരോധതന്ത്രങ്ങൾ തന്നെയാണ് മാജിക് എഫ്സിയെ ഇത്തവണ മുന്നോട്ടു നയിച്ചത്. ഗോൾ അടിച്ചുകൂട്ടിയില്ലെങ്കിലും ഗോൾ വഴങ്ങാതിരുന്നാലും ഫുട്ബോളിൽ മുന്നേറാമെന്ന, വിഖ്യാത മാനേജർമാരായ ഹൊസേ മൊറീഞ്ഞോയുടെയും ഡിയാഗോ സിമിയോണിയുടെയും തന്ത്രംതന്നെയാണ് ചെർണിഷോവും മാജിക് എഫ്സിയിൽ പയറ്റിയത്.
മറുവശത്ത് വിദേശതാരങ്ങളുടെ കാൽക്കരുത്തിലാണു മലപ്പുറം ഇറങ്ങുന്നത്. ബ്രസീലുകാരൻ സ്ട്രൈക്കർ ജോണ് കെന്നഡിയും ഫിജിയൻ സ്ട്രൈക്കർ റോയ് കൃഷ്ണയും ചേർന്ന മുന്നേറ്റനിര തന്നെയാണ് അവരുടെ ശക്തി. ഗോളടിക്കുകയും അടിപ്പിക്കുകയും ചെയ്യുന്ന സ്പാനിഷ് മിഡ്ഫീൽഡർ ഐറ്റോർ അൽഡലിറും മികച്ച ഫോമിലാണ്.
സീസണിൽ എട്ടു ഗോളുകളുമായി ഗോൾവേട്ടക്കാരിൽ ഒന്നാമതുള്ള ജോണ് കെന്നഡിയും റോയ് കൃഷ്ണയും പരിക്കിന്റെ പിടിയിലാണെന്നതാണ് മലപ്പുറം ക്യാന്പിനെ ആശങ്കയിലാഴ്ത്തുന്നത്.
സീസണിൽ തൃശൂരും മലപ്പുറവും രണ്ടുതവണ നേർക്കുനേർ വന്നപ്പോൾ ഇരുടീമും ഓരോ ജയം നേടി.